ജയമോഹൻ ആർഎസ്എസ് കേഡർ, മഞ്ഞുമ്മൽ ബോയ്സ് അയാളെ പ്രകോപിപ്പിച്ചതിൽ അത്ഭുതമില്ല: സതീഷ് പൊതുവാൾ

അഭിറാം മനോഹർ

തിങ്കള്‍, 11 മാര്‍ച്ച് 2024 (12:37 IST)
മലയാളക്കരയും കടന്ന് തമിഴ്‌നാട്ടിലും വമ്പന്‍ വിജയമായ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ ഇന്ന് വരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ അടുത്തിടെയാണ് തമിഴ്,മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് മറ്റ് മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്നതായാണ് ജയമോഹന്‍ കുറിച്ചത്.
 
മലയാളികള്‍ കുടിച്ച് നടക്കുന്ന വിനോദസഞ്ചാര മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പൊറുക്കികളാണെന്ന് ജയമോഹന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ സംവിധായകന്‍ ചിദംബരത്തിന്റെ പിതാവും സംവിധായകനുമായ സതീഷ് പൊതുവാള്‍. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സതീഷ് പൊതുവാള്‍ ജയമോഹനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മബന്ധത്തെയാണ് ചിദംബരം കാണിച്ചതെന്നും പരിവാരത്തിന് അത് ദഹിക്കാത്തതില്‍ അത്ഭുതമില്ലെന്നും സതീഷ് പൊതുവാള്‍ കുറിച്ചു.
 
സതീഷ് പൊതുവാളിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
ഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ആര്‍എസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീന്‍ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല! കയ്യില്‍ ചരടുകെട്ടിയവരുമില്ല!
പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ല.
 
അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിന്റെ സത്ത .
ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍