ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നു, രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞു
ഞായര്‍, 10 ഏപ്രില്‍ 2022 (18:19 IST)
സിനിമാലോകത്തെ താരജോഡികളിൽ ഒന്നായിരുന്ന ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ജെന്നിഫർ ലോപ്പസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2002ൽ ഏറെ ആഘോഷമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. രണ്ട് വർഷത്തിന് ശേഷം പക്ഷേ ദമ്പതികൾ വേർപിരിഞ്ഞു. ഇതിന് ശേഷം ജെന്നിഫർ രണ്ട് തവണ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധങ്ങളും പെട്ടെന്ന് തന്നെ അവസാനിച്ചു.
അതേസമയം നടി അമ്മ ഡി അർമാസുമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ബെൻ അഫ്ലെക്ക് വേർപിരിഞ്ഞത്. ബേസ്‌ബോൾ താരമായിരുന്ന അലക്‌സ് റോഡ്രിഗസുമായുള്ള ബന്ധം ജെന്നിഫറും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ പ്രിയതാരജോഡി വീണ്ടും ഒന്നിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചെറുവീഡിയോയിലൂടെ ജെന്നിഫർ ലോപ്പസ് ആണ് വിവരം ആരാധകരെ അറിയിച്ചത്. കഴിഞ വർഷം മുതൽ താരങ്ങൾ ഒന്നിച്ചതായാണ് റിപ്പോർട്ടുകൾ. മെറ്റ് ഗാല ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ കഴിഞ്ഞ വർഷം താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു.