പ്രേക്ഷകരെ വിസ്‌മയത്തിന്റെ പുതിയ ലോകത്തിലേക്ക് കൊണ്ടുപോയ അവതാർ ഒന്നാം ഭാഗം പുറത്തിറങ്ങിയിട്ട് ഒരു ദശാബ്‌ദം പിന്നിടുമ്പോൾ ആരാധകരെ ഒരിക്കൽ കൂടി വിസ്‌മയിപ്പിക്കാൻ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനായി ഒരുങ്ങുകയാണ്. അവതാർ ആദ്യ ഭാഗം ചെയ്യുമ്പോൾ 30 വയസ്സുണ്ടായിരുന്ന തനിക്ക് രണ്ടാം ഭാഗം ഇറങ്ങുമ്പോൾ 50 വയസിനോട് അടുക്കുന്നുവെന്നാണ് ചിത്രത്തിൻറ്റെ നായകൻ പറയുന്നത്.
ഒന്നാം ഭാഗം വീൽചെയറിൽ ഇരുന്ന അഭിനയിച്ച താൻ മൂന്നും നാലും ഭാഗങ്ങൾ ഇറങ്ങുമ്പോൾ ശരിയ്ക്കും വീൽചെയറിലാകുമെന്നാണ് അവതാർ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചടങ്ങിൽ ചിത്രത്തിലെ നായകൻ സാം വർത്തിങ്‌ടൺ തമാശയായി പറഞ്ഞത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളെല്ലാം തന്നെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ എത്തുന്നുണ്ട്. അതിശയിപ്പിക്കുന്നതും ആദ്യ ഭാഗത്തേക്കാൾ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നതുമാകും രണ്ടാം ഭാഗമെന്നും വർത്തിങ്‌ടൺ പറഞ്ഞു.
അതേസമയം 2009ൽ അവതാർ പുറത്തിറങ്ങിയ ശേഷം മറ്റൊരു ചിത്രവും ജെയിംസ് കാമറൂൺ സംവിധാനം ചെയ്‌തിട്ടില്ല. അവതാർ ഒന്നിന്റെ തയ്യാറെടുപ്പുകൾ കൂടി കൂട്ടിചേർത്താൽ 20 വർഷമാണ് ഇപ്പോൾ തന്നെ അവതാർ ഫ്രാഞ്ചൈസിക്കായി കാമറൂൺ ചിലവാക്കിയത്. ചിത്രങ്ങളുടെ നാല് ഭാഗങ്ങൾ കൂടി പൂർത്തിയാവുമ്പോൾ ഇതെത്രയാകുമെന്ന് കണ്ടറിയേണ്ടതായി തന്നെ വരും.