കണ്ടുവളർന്ന ഒരു മുഖം കൂടി ഓർമകളിലേക്ക്, മലയാളത്തിന് തീരാനഷ്ടമായി മറ്റൊരു വിയോഗം കൂടി

Webdunia
ഞായര്‍, 26 മാര്‍ച്ച് 2023 (23:31 IST)
മലയാളത്തിന്റെ പ്രിയ നടനും മുന്‍ ലോക്‌സഭാ എംപിയുമായ ഇന്നസെന്റ് അന്തരിച്ചതായുള്ള വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേൾക്കുന്നത്.  ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കഴിഞ്ഞകുറച്ച് നാളുകളായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ക്യാൻസറുമായി പടവെട്ടി വിജയിച്ചത് പോലെ താരം ജീവിതത്തിലേക്ക് തിരികെയെത്തുമെന്നാണ് സകലരും കരുതിയിരുന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നു. ഇന്നസെൻ്റിൻ്റെ മരണത്തോട് കൂടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു അമരക്കാരനെയാണ് നമ്മൾക്ക് നഷ്ടമാകുന്നത്.
 
വേറിട്ട ശരീരഭാഷകൊണ്ടും മലയാള സിനിമയ്ക്ക് തന്നെ പുതുതായ സ്വാഭാവികതത്വമുള്ള അഭിനയത്തിലൂടെയുമായിരുന്നു ഇന്നസെൻ്റ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്. തൻ്റെ സിനിമാജീവിതത്തിൽ എഴുന്നൂറോളം സിനിമകളിൽ അഭിനയിച്ചെങ്കിലും സത്യൻ അന്തിക്കാട്, പ്രിയദർശൻ,ഫാസിൽ,കമൽ എന്നിവരുടെ സിനിമകളിലൂടെയാണ് ഇന്നസെൻ്റ് മലയാളിപ്രേക്ഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ടനേടുന്നത്. അച്ഛനായും നായകൻ്റെ സുഹൃത്തായും അടുത്ത ബന്ധുവായും തനി നാട്ടിൻപുറത്തുകാരനായും ഏറെ നാൾ ഇന്നസെൻ്റ് വെള്ളിത്തിരയിൽ നിറഞ്ഞാടീ. മലയാളത്തിൽ മാത്രം അഞ്ഞൂറിലേറെ സിനിമകളിൽ താരം അഭിനയിച്ചു.
 
റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി,ഗോഡ്ഫാദർ,വിയറ്റ്നാം കോളനി,കല്യാണരാമൻ,മഴവിൽക്കാവടി,മനസ്സിനക്കരെ, പൊന്മുട്ടയിടുന്ന താറാവ്, മണിച്ചിത്രത്താഴ്,ദേവാസുരം,ചന്ദ്രലേഖ,ഡോ പശുപതി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത നിരവധി സിനിമകളിലൂടെ മലയാളികൾക്ക് തങ്ങളുടെ കൂട്ടത്തിലെ ഒരാൾ തന്നെയായിരുന്നു ഇന്നസെൻ്റ്. 2013ൽ ക്യാൻസറിൻ്റെ പിടിയിലായെങ്കിലും ജീവിതത്തിൽ കൂടുതൽ ഡ്രാമ വേണ്ടെന്ന് ആദ്യം കുടുംബത്തെ ബോധ്യപ്പെടുത്തുകയും ക്യാൻസറിനെ ഒരു നർമ്മമെന്നപോലെ കൈകാര്യം ചെയ്യുകയും ചെയ്തു ഇന്നസെൻ്റ്. ക്യാൻസർ കാലത്തെ തൻ്റെ അനുഭവങ്ങൾ രസകരമായി വിവരിക്കുന്ന ക്യാൻസർ കാലത്തെ ചിരിയെന്ന പുസ്തകം വലിയ രീതിയിൽ ചർച്ചയായിരുന്നു.
 
 1970കളിൽ സോഷ്യലിസ്റ്റ് പാർട്ടിയുമായുണ്ടായിരുന്ന സഹകരണമാണ് പിൻകാലത്ത് ഇന്നസെൻ്റിനെ ഇടതുപക്ഷത്തേക്കും 2014ൽ തൃശൂരിൽ നിന്നുള്ള ലോക്‌സഭ എം പി എന്ന സ്ഥാനത്തേക്കുമെത്തിച്ചത്. 2019ലും തിരെഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സിനിമയിലെ പോലെ രാഷ്ട്രീയത്തിൽ ശോഭിക്കാതിരുന്ന താരം രണ്ടാം തവണത്തെ തിരെഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. മലയാള സിനിമയിൽ ക്യാൻസർ ചികിത്സയെ തുടർന്നുള്ള ചെറിയ കാലം മാത്രമാണ് ഇന്നസെൻ്റ് കാര്യമായ ഇടവേളയെടുത്തത്.
 
3 തവണ സംസ്ഥാന പുരസ്കാരം ഇന്നസെൻ്റ് സ്വന്തമാക്കി. 1989ൽ മഴവിൽ കാവടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും 1981,1982 വർഷങ്ങളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിൻ്റെ പ്രൊഡ്യൂസർ എന്ന നിലയിലും ഇന്നസെൻ്റ് ആദരിക്കപ്പെട്ടു. 2009ൽ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് അവാർഡ് പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലൂടെ താരം സ്വന്തമാക്കി. 2022ൽ മകൾ, കടുവ എന്ന സിനിമകളിൽ താരം അഭിനയിച്ചു. അനൂപ് സത്യൻ ഫഹദ് ഫാസിൽ സിനിമയായ പാച്ചുവും ഗോപലനിലുമാണ് ഇന്നസെൻ്റ് അവസാനമായി അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article