ജോർജ്ജുകുട്ടിയ്ക്ക് ശേഷം ഉലഹന്നാൻ, മറ്റൊരു ദൃശ്യം ഒരുങ്ങുന്നു!

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (15:41 IST)
മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷം മീനയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 11ന് ആരംഭിക്കും. രാഷ്ട്രീയത്തെ നർമത്തിൽ ചാലിച്ച് വെള്ളിമൂങ്ങയെന്ന ഹിറ്റ് ചിത്രമൊരുക്കിയ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയായി മീനയും ഒന്നിക്കുന്നു. ഇരുവരുടെയും മകളൾ ജിനിയായി ഐമാ സെബാസ്റ്റ്യനും എത്തുന്നു. ഉലഹന്നാന്റെ മകൻ ജെറിയുടെ വേഷത്തിനായുള്ള കാസ്റ്റിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല. 
 
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ചത് ഐമ ആയിരുന്നു. വി ജെ ജെയിംസ് എഴുതിയ പ്രണയോപനിഷത്ത് എന്ന ചെരുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചതെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് മാതൃഭൂമിയോട് പറഞ്ഞു.
 
ചിത്രം അണിയറിൽ ഒരുങ്ങുകയാണ്. ജോർജ്ജുകുട്ടിയും കുടുംബവും സൃഷ്ടിച്ച റെക്കോർഡ് മറികടക്കാൻ ഉലഹാന്നാന് കഴിയുമോ എന്നാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്.
Next Article