Drishyam 3: ഒരുപാട് പ്രതീക്ഷിക്കരുത്, ദൃശ്യം 3 ത്രില്ലറല്ല, ലോജിക് ഉണ്ടാക്കാൻ മാത്രം 10 പേജ് എഴുതേണ്ടി വന്നു: ജീത്തു ജോസഫ്

അഭിറാം മനോഹർ

ശനി, 23 ഓഗസ്റ്റ് 2025 (11:45 IST)
ചെറിയ ബജറ്റിലെത്തി ഇന്ത്യയിലെ എല്ലാ ഭാഷയിലും ഉള്ള സിനിമാപ്രേമികളെ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. മലയാളത്തിന് പുറമെ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും വമ്പന്‍ ഹിറ്റാകാന്‍ സിനിമയ്ക്ക് സാധിച്ചു. 2 സിനിമകളിലും തന്നെ ക്ലൈമാക്‌സ് രംഗത്തിലെ മികവുറ്റ ട്വിസ്റ്റുകളാണ് സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. ദൃശ്യം സീരീസിന് മൂന്നാം ഭാഗം വരുമ്പോള്‍ എങ്ങനെയായിരിക്കും സിനിമ എന്നതില്‍ ആരാധകരില്‍ ആകാംക്ഷ ഏറെയാണ്.
 
 ഇപ്പോഴിതാ ദൃശ്യം 3 ഒരു ത്രില്ലറായിരിക്കില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്. ദൃശ്യം 3 യ്ക്ക് ലോജിക് ഉണ്ടാക്കാനായി മാത്രം തനിക്ക് 10 പേജ് എഴുതേണ്ടിവന്നെന്നും ജീത്തു ജോസഫ് പറയുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യം കഴിഞ്ഞപ്പോള്‍ ഒരു ഭാഗത്തില്‍ തീര്‍ന്നെന്നാണ് ഞാന്‍ കരുതിയത്. അപ്പോഴാണ് ആരൊക്കെയോ രണ്ടാം ഭാഗത്തിന്റെ ത്രെഡുകള്‍ അയച്ചുതന്നത്. ഹിന്ദിയില്‍ നിന്നും നിര്‍മാതാക്കള്‍ രണ്ടാം ഭാഗത്തിനായി സമീപിച്ചുകൊണ്ടിരുന്നു.
 
 അങ്ങനെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുന്നത്. അഞ്ച് വര്‍ഷമെടുത്തു കഥ കിട്ടാന്‍. അങ്ങനെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്. സിനിമ കണ്ട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ലാല്‍ സാര്‍ ചോദിച്ചു. മൂന്നാം ഭാഗത്തിന് സ്‌കോപ്പുണ്ടോ എന്ന്. എനിക്കറിയില്ല എന്നാണ് അപ്പോള്‍ മറുപടി നല്‍കിയത്. മൂന്നാംഭാഗമുണ്ടെങ്കില്‍ ഇങ്ങനെയാകണം അവസാനിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. ക്ലൈമാക്‌സ് മാത്രമെയുള്ളു. 2021ല്‍ ആണത്. ഇപ്പോള്‍ നാല് വര്‍ഷമെടുത്തു. ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് എന്താണ് സംഭവിക്കേണ്ടത് അത് മാത്രമാണ് ചെയ്തിരിക്കുന്നത്. അതില്‍ ചിലപ്പോള്‍ റിസ്‌ക് ഉണ്ടാകാം. നാലാം ഭാഗം വരുമോ എന്നറിയില്ല. ആ സാധ്യതകള്‍ എനിക്ക് കിട്ടിയിട്ടില്ല. ജീത്തു ജോസഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍