ഒരുപാട് മികച്ച സിനിമകൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയ സംവിധായകരുടെ ലിസ്റ്റിൽ ഇടം പിടിച്ച ആളാണ് ജീത്തു ജോസഫ്. ദൃശ്യം ഫ്രാൻഞ്ചൈസി മാത്രം മതി ജീത്തുവിന്റെ റേഞ്ച് അറിയാൻ. തന്റെ ചിത്രത്തിൽ ലാഗുണ്ടെന്ന വിമർശനത്തിന് മറുപടി പറയുകയാണ് ഇപ്പോൾ ജീത്തു ജോസഫ്. സിനിമയിൽ ഒരു വേൾഡ് ഉണ്ടാക്കിയെടുക്കാൻ ലാഗ് അനിവാര്യമാണെന്ന് ജീത്തു ജോസഫ് പറഞ്ഞു.
'തൊട്ടാലും പിടിച്ചാലും ഇപ്പോൾ ലാഗ് എന്നാണ് പറയുന്നത്. നിർമാതാക്കൾ വന്നിട്ട് അവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയും. സിനിമയ്ക്ക് ലാഗ് വേണം. മെമ്മറീസിൽ ഫസ്റ്റ് ഹാഫിൽ ഞാൻ ലാഗ് ഇട്ടിട്ടുണ്ട്, ദൃശ്യത്തിലും അതുണ്ട്. ഇപ്പോൾ ഞാൻ ദൃശ്യം 3 എഴുതുകയാണ്. അതിലും ലാഗ് ഉണ്ട്. കാരണം സിനിമയിൽ ഒരു വേൾഡ് ഉണ്ടാക്കിയെടുക്കണമെങ്കിൽ ഒരു സമയം വേണം. ഇത് സിനിമയിലെ നിയമം ഒന്നുമല്ല പക്ഷെ ഞാൻ വിചാരിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് എന്റെ സിനിമയിൽ കുറച്ച് ലാഗൊക്കെ കാണും', ജീത്തു ജോസഫ് പറഞ്ഞു.
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗവും ഒരുങ്ങുകയാണ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം ജീത്തു ജോസഫ് മനസുതുറന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.