ഇത് ഇങ്ങനെ വരുമെന്ന് അറിയുമായിരുന്നു, സിനിമയിലെ മറ്റ് പലതും കാണാതെ ഇത്തരം കാര്യത്തിലേക്ക് മാത്രം ശ്രദ്ധ പോകുന്നത് കഷ്ടമാണ്: ദിവ്യപ്രഭ

അഭിറാം മനോഹർ
ചൊവ്വ, 26 നവം‌ബര്‍ 2024 (17:08 IST)
Divyaprabha
ഇന്ത്യന്‍ സിനിമയുടെ യശസ്സ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ സിനിമയില്‍ മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുമാരുടെ കഥയാണ് പറയുന്നത്. കനി കുസൃതി,ദിവ്യപ്രഭ എന്നിവരായിരുന്നു സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ സിനിമയിലെ നഗ്‌നരംഗങ്ങളെ പറ്റിയാണ് മലയാളി പ്രേക്ഷകര്‍ അധികമായി ചര്‍ച്ച ചെയ്യുന്നത്. സിനിമയിലെ ഈ രംഗങ്ങള്‍ മാത്രമായി പ്രചരിപ്പിക്കുന്നവരും ഏറെയാണ്.
 
ഇപ്പോഴിതാ സിനിമയിലെ അര്‍ദ്ധനഗ്‌ന രംഗത്തെ പറ്റിയുള്ള പ്രേക്ഷകരുടെ ഈ പ്രതികരണത്തോട് പ്രതികരിച്ചിരിക്കുകയാണ് സിനിമയിലെ പ്രധാനതാരമായ ദിവ്യപ്രഭ. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ സിനിമയെ ബി ഗ്രേഡ് സിനിമയുടെ ലെവലില്‍ ചര്‍ച്ച ചെയ്യുന്നത് നാണക്കേടാണെന്നാണ് ദിവ്യപ്രഭ പറയുന്നത്. കാന്‍സില്‍ അവാര്‍ഡ് കിട്ടുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഇക്കാര്യം ഇങ്ങനെ നടക്കുമെന്ന് തന്നെയാണ് കരുതിയതെന്നും പൈറസിക്കെതിരെ ശക്തമായ നിയമം രാജ്യത്തുണ്ടോ എന്ന് സംശയിക്കുന്നതായും ദിവ്യപ്രഭ പറഞ്ഞു.
 
 സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയത്തീലേക്ക് അവരെത്താന്‍ സമയമെടുക്കുമെന്നും സിനിമ പറയുന്ന വിഷയങ്ങള്‍ ഒന്നും കാണാതെ ഇത്തരം രംഗങ്ങള്‍ മാത്രമായി ചര്‍ച്ച ചെയ്യപ്പെടുന്നത് കഷ്ടമാണ്. എന്നാല്‍ സിനിമയെ സെന്‍സിബിളായി കാണുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അടുത്ത സിനിമ വരുന്നത് വരെ മാത്രമെ ഈ ചര്‍ച്ചകള്‍ക്ക് ആയുസ്സുള്ളുവെന്നും ദിവ്യപ്രഭ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article