മമ്മൂക്കയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കാന്‍ പേടിയായി,ഉര്‍വശിയുടെ കൂടെ ഡ്യൂയറ്റ് സോങ് ഷൂട്ട് ചെയ്തത് ഇങ്ങനെ, പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സുരേഷ് ബാബു
കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് ഡിഎന്‍എ. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍. ഇതിനിടെ 1992ല്‍ പുറത്തിറങ്ങിയ കിഴക്കന്‍ പത്രോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
'മമ്മൂക്കയെ കൊണ്ട് ഞാന്‍ ഒരു സിനിമയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ കൂടെ ഒരു ഡ്യൂയറ്റ് സോങ് ഉണ്ട്. ആ പാട്ടിന് രണ്ട് ചെറിയ സ്റ്റെപ്പിടാന്‍ പറ്റുമോ എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു. പുള്ളി സമ്മതിച്ചു. ആ പടത്തില്‍ കൊറിയോഗ്രാഫി മൂന്നു പേരായിരുന്നു. സുന്ദരം മാസ്റ്റര്‍, രാജു സുന്ദരം, പ്രതിഭാ മാസ്റ്റര്‍. ഇവരെ കണ്ട ഉടനെ മമ്മൂക്ക എന്നോട് ചോദിച്ചത്, 'മൂന്ന് കൊറിയോഗ്രാഫര്‍ മാരെ വെച്ച് ഡാന്‍സ് ചെയ്യാന്‍ ഞാനാരാ കമല്‍ഹാസനോ?' എന്നായിരുന്നു.
അതൊന്നും സാരമില്ലെന്ന് പറഞ്ഞ് ഞാന്‍ പുള്ളിയെ ഒക്കെയാക്കി. ആ സമയത്ത് പ്രിയദര്‍ശനും മോഹന്‍ലാലും സെറ്റിലേക്ക് വന്നു. എനിക്കപ്പോള്‍ ടെന്‍ഷനായി. കാരണം നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലും പാട്ടുകളൊക്കെ മനോഹരമായി ഷൂട്ട് ചെയ്യുന്ന പ്രിയദര്‍ശന്റെയും മുന്നില്‍വച്ച് മമ്മൂക്കയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കാന്‍ എനിക്ക് പേടിയായി. അവര്‍ പോകുന്നത് വരെ ഉര്‍വശിയുടെ പോര്‍ഷന്‍ മാത്രമേ ഞാന്‍ എടുത്തുള്ളൂ.',-സുരേഷ് ബാബു പറഞ്ഞു.