ഇരുപത് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകരായ സിദ്ദിഖ്-ലാൽ ഒരുമിച്ച ദിലീപ് ചിത്രമായ കിങ് ലയർ ചിരിയുടെ നിറപ്പകിട്ടിലേക്ക് കുതിക്കുകയാണ്. അടുത്തിടെ നടന്ന അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെ ദിലീപ് വാചാലനായി. കാരണം നായിക മഡോണ സെബാസ്റ്റ്യൻ തന്നെ.
മഡോണയ്ക്ക് നല്ലൊരു ഭാവി ഉണ്ട്. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി എത്ര വലിയ റിസ്ക് എടുക്കാനും നന്നായി ഹാർഡ് വർക്ക് ചെയ്യാനും മഡോണക്ക് മടിയില്ല. ഇപ്പോൾ തന്നെ തമിഴിലും തെലുങ്കിലും മലയാളത്തിൽ നിന്നുമെല്ലാം അവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്. സിനിമയോടുള്ള പാഷനാണ് അതിന്റെ കാരണം. നായികക്കപ്പുറത്ത് നല്ലൊരു ഗായിക കൂടിയാണ് മഡോണ എന്നുമാണ് ദിലീപ് നായികയെ പുകഴ്ത്തി പറയുന്നത്.
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് മഡോണ. നുണകളുടെ രാജാവിനെ പ്രണയിക്കുന്ന അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് താരം കിങ് ലയറിൽ എത്തുന്നത്. ഇതിനോടകം തമിഴിലും നടി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലാണ് നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സെലിനായി ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് താരം.