വമ്പന്‍ ഹൈപ്പിലെത്തുന്ന അന്യഭാഷ സിനിമകളെ ഇരുകയ്യും നീട്ടിയാണ് മലയാളി സിനിമാപ്രേക്ഷകര്‍ എപ്പോഴും വരവേറ്റിട്ടുള്ളത്. ബാഹുബലിയും കെജിഎഫും വിജയ് സിനിമയായ ലിയോയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അതിനാല്‍ തന്നെ ലോകേഷ്- രജിനികാന്ത് കൂട്ടുക്കെട്ടില്‍ വന്ന കൂലിയ്ക്കും കേരളത്തില്‍ വമ്പന്‍ ഹൈപ്പാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഒടിയന്റെയും കെജിഎഫിന്റെയുമെല്ലാം ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് തകര്‍ത്തിരിക്കുകയാണ് സിനിമ.
കേരളത്തില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് എന്ന നേട്ടമാണ് കൂലി സ്വന്തമാക്കിയത്. ആദ്യ ദിനത്തില്‍ 9.75 കോടി രൂപയാണ് കൂലി കേരളത്തില്‍ നിന്നും നേടിയത്. 12 കോടി രൂപ ആദ്യദിനത്തില്‍ നേടിയ വിജയ് ചിത്രമായ ലിയോയാണ് കേരളത്തില്‍ ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അന്യഭാഷ ചിത്രം.പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനാണ് (14.07 കോടി) ലിസ്റ്റില്‍ ആദ്യമുള്ള സിനിമ. ഇപ്പോള്‍ ആ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായാണ് കൂലി ഇടം നേടിയത്. ആദ്യദിനത്തില്‍ കേരളത്തില്‍ നിന്നും 7.30 കോടി നേടിയ കെജിഎഫ് 2 , 7.75 കോടി നേടിയ ഒടിയന്‍ എന്നീ സിനിമകളെയാണ് കൂലി മറികടന്നത്.