ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സിനിമകളില്‍ ലോക ചാപ്റ്റര്‍ 1 ചന്ദ്ര തിയേറ്ററുകളില്‍ ഉത്സവം തീര്‍ക്കുകയാണ്. കേരളത്തിന് പുറമെ തെലുങ്കുവിലും തമിഴിലും കൂടുതല്‍ സ്‌ക്രീനുകളില്‍ സിനിമ എത്തിക്കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തമായുള്ള സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിലേക്കുള്ള ആദ്യ ഭാഗത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ചന്ദ്ര എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ നിര്‍മാണം. സിനിമ വമ്പന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലായിരുന്നുവെങ്കില്‍ ലോക ഇപ്പോള്‍ കാണുന്ന രീതിയില്‍ സ്‌ക്രീനില്‍ എത്തില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകനായ നിമിഷ് രവി.
ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോക സിനിമ സംഭവിച്ചത് എങ്ങനെയാണെന്ന കാര്യം നിമിഷ് തുറന്ന് പറഞ്ഞത്. സംവിധായകനായ അരുണ്‍ ഡൊമിനിക്കിനൊപ്പം സിനിമയുടെ ആദ്യഘട്ടം മുതല്‍ തന്നെ നിമിഷ് ഭാഗമായിരുന്നു. ദുല്‍ഖറിന്റെ അടുത്ത കഥയുടെ ഐഡിയ പറയാന്‍ സത്യത്തില്‍ പേടിയായിരുന്നു. ദുല്‍ഖര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സ്‌കെയിലില്‍ സിനിമ ചെയ്യാനാകില്ലായിരുന്നു. അദ്ദേഹമാണ് സിനിമയുടെ നട്ടെല്ല്. അന്ന് സിനിമയുടെ കാസ്റ്റും ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയില്‍ മാത്രമാണ് ദുല്‍ഖര്‍ വിശ്വസിച്ചത്. വെറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല. നിമിഷ് രവി പറയുന്നു.
ഫാന്റസിക്കൊപ്പം ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ സിനിമയില്‍ സാന്‍ഡി മാസ്റ്റര്‍, ചന്ദു സലീം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണുള്ളത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മറ്റ് ഓണം റിലീസുകളേക്കാള് ബഹുദൂരം മുന്നിലാണ് ലോക.