ഇന്ത്യൻ സിനിമയിൽ വളരെ ചുരുക്കം സിനിമയാണ് സൂപ്പർഹീറോ വിഭാഗത്തിൽ വന്നിട്ടുണ്ട്. ഈ വിഭാഗത്തിൽ മലയാളത്തിൽ നിന്നും പിറന്ന ആദ്യ ചിത്രം മിന്നൽ മുരളി ആയിരുന്നു. എന്നാൽ, ഒ.ടി.ടിയിലൂടെ ആയിരുന്നു റിലീസ്. അതിനാൽ, തിയേറ്റർ എക്സ്പീരിയൻസ് മിസ് ആയി. ആ ഒരു നഷ്ടം നികത്തിയിരിക്കുകയാണ് ഇപ്പോൾ ലോക: ചാപ്റ്റർ 1 ചന്ദ്ര.
റിലീസ് സമയത്തുതന്നെ ഫ്രാഞ്ചൈസിയായി പ്രഖ്യാപിക്കപ്പെട്ട മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമാണ് ലോക. ആദ്യ ചാപ്റ്ററിലെ ടൈറ്റിൽ റോളിൽ ഒരു നായികയാണ് എത്തുന്നത് എന്നത് അതിലേറെ വിശേഷപ്പെട്ട കാര്യം. നായികാപ്രാധാന്യമുള്ള സിനിമകൾ വേണ്ടത്ര ഉണ്ടാവുന്നില്ലെന്ന പരാതികൾക്കിടയിലാണ് ഇത്തരത്തിൽ ഒരു ചിത്രം വന്നിരിക്കുന്നത് എന്നത് പ്രേക്ഷകർക്കിടയിൽ സവിശേഷ ചർച്ച ആയിട്ടുമുണ്ട്. ഇപ്പോഴിതാ നടി നൈല ഉഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയും സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ ചർച്ച ആയിട്ടുണ്ട്.
ലോകയിലെ കല്യാണിയുടെ ലുക്കിനൊപ്പം നടിമാരായ പാർവതി തിരുവോത്തിൻറെയും ദർശന രാജേന്ദ്രൻറെയും ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്റ് ആണ് നൈല ഉഷ പങ്കുവച്ചിരിക്കുന്നത്. “അവളുടെ വിജയം അവരുടേത് കൂടിയാണ്. (സ്ത്രീകളുടെ) അസാന്നിധ്യം ചോദ്യം ചെയ്തതിന് നന്ദി”, എന്ന് എഴുതിയിരിക്കുന്ന കാർഡ് ആണ് നൈല ഷെയർ ചെയ്തിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ഒരു ചിത്രം (ലോക:) ഇത്രയും വിജയം നേടുന്ന സാഹചര്യത്തിൽ നായികാപ്രാധാന്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്ന് ശബ്ദമുയർത്തിയ പാർവതിയുടെയും ദർശനയുടെയും ഇടപെടലിനെ പ്രശംസിക്കുന്നതാണ് പോസ്റ്റ്. “ഇതിനേക്കാൾ യോജിക്കാൻ ആവില്ല” എന്ന് കുറിച്ചുകൊണ്ട് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യത്തോടുള്ള തൻറെ യോജിപ്പും നൈല പ്രകടിപ്പിച്ചിട്ടുണ്ട്.
ആവേശത്തിൽ ഫഹദ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങൾ നടിമാർക്ക് ലഭിക്കുന്നില്ലെന്ന് ദർശന രാജേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വിമർശനരൂപേണ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ എത്തിയ ലോക വലിയ വിജയം നേടുമ്പോൾ സിനിമയിലെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തുന്നവർ അതിൽ പ്രതികരിക്കുന്നില്ലെന്ന് സിനിമാഗ്രൂപ്പുകളിൽ വിമർശിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉണ്ട്. എന്നാൽ പാർവതിയെയും ദർശനയെയും പോലെ ചിലർ ചോദ്യങ്ങൾ ഉയർത്തിയത് കാര്യങ്ങളെ ഗുണപരമായി മാറ്റുന്നതിൽ പങ്കുവഹിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതിനിടെയാണ് സമാന ആശയമുള്ള പോസ്റ്റ് നൈല ഉഷ പങ്കുവച്ചിരിക്കുന്നത്.