കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിലടക്കം കേസില്‍ പോയതിന് ശേഷം സുരേഷ് ഗോപി സിനിമയായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ റിലീസ് ചെയ്തത്. സിനിമയുടെ പേരില്‍ ജാനകി എന്ന പേര് ഉള്ളത് ഹിന്ദുസമൂഹത്തിന്റെ വികാരം വൃണപ്പെടുമെന്ന് ആരോപിച്ച് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത് വലിയ വിവാദമായി മാറിയിരുന്നു. ഒടുവില്‍ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ ഹൈക്കോടതി കണ്ടിട്ടും തീരുമാനമെടുക്കാന്‍ കഴിയാതെ പോയത് വിവരം കെട്ട സെന്‍സര്‍ ബോര്‍ഡാണ് കേസിലെ കക്ഷികള്‍ എന്നത് കാരണമാണെന്ന് പറയുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലാണ് സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങളെ പറ്റി ശാന്തിവിള ദിനേശ് മനസ് തുറന്നത്.
കേസ് പരിഗണിച്ചപ്പോള്‍ ജഡ്ജി നഗരേഷിന് കൃത്യമായി മനസിലായി. വിവരം കെട്ട സെന്‍സര്‍ ബോര്‍ഡിനും നിര്‍മാതാക്കള്‍ക്കും ഇടയില്‍ താന്‍ കുടുങ്ങിയെന്ന്. കോടതി കേസില്‍ മീഡിയേറ്ററാകാനാണ് ശ്രമിച്ചത്. കോടതി സിനിമ കണ്ടിട്ടും അതില്‍ തീരുമാനമെടുക്കാന്‍ സാധിക്കാത്ത നാടായി കേരളം മാറി എന്നത് എന്നെ വേദനിപ്പിക്കുന്നു. കേസ് അനന്തമായി നീണ്ടാല്‍ നഷ്ടമല്ലെ എന്ന് നിര്‍മാതാക്കളോട് ചോദിച്ചാണ് ജഡ്ജി കേസ് പരഹരിച്ചത്. അങ്ങനെ ജാനകിയുടെ അച്ഛന്‍ വിദ്യാധരന്റെ വി സിനിമയ്‌ക്കൊപ്പം വന്നു. എനിക്ക് മനസിലായിട്ടില്ല. ജാനകി വി എന്നിട്ടാല്‍ സീതയുടെ പേര് അല്ലാതെയാകുമോ. ചിലര്‍ അച്ഛന്റെയോ അമ്മയുടെയോ പേര് ഇനീഷ്യലിനൊപ്പം ചേര്‍ക്കും. ചിലര്‍ വീട്ടുപേര് ചേര്‍ക്കും. ജാനകിയുടെ അച്ഛന്‍ അയ്യപ്പന്‍ ആകാതിരുന്നത് ഭാഗ്യം. അപ്പോഴും വിവരം കെട്ടവന്മാര്‍ പ്രശ്‌നം ഉണ്ടാക്കിയേനെ.
മറ്റൊരു പ്രശ്‌നം കേസില്‍ ജാനകിയെ രക്ഷിക്കാനായി വരുന്ന വക്കീല്‍ മറ്റൊരു മതസ്ഥനാണ്.ആ വക്കീല്‍ കക്ഷിയായ ജാനകിയെ പേര് വിളിക്കാന്‍ പാടില്ല. ഈ വക്കീലായിട്ടാണ് നമ്മുടെ വീരശൂര പരാക്രമിയായ മന്ത്രി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമ നിര്‍മിച്ചത് ഹിന്ദുവായ ആളും അയാള്‍ക്കായി കോടതിയില്‍ വാദിക്കുന്നത് മുസ്ലീമായ ഹാരി ബീരാനുമാണ്. ഹിന്ദു പ്രൊഡ്യൂസര്‍ക്ക് വേണ്ടി അത് പാടില്ല എന്ന് പറയുമോ എന്ന് എനിക്കറിയില്ല. ഹിന്ദു കേസിന് ഹിന്ദു വക്കീല്‍, മുസ്ലീം കേസിന് മുസ്ലീം വക്കീല്‍ എന്നൊക്കെ ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥകാലത്ത് ഇണ്ടാസ് വരാന്‍ സാധ്യതയുണ്ട്. സീതാദേവിയുടെ പേരുള്ള കഥാപാത്രത്തോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്ന് പറയുന്നു. അപ്പോ മക്കള്‍ക്ക് ഇങ്ങനെ പേരിട്ട് പോയാല്‍ എന്ത് ചെയ്യും. ഇതൊക്കെ പൊതുസമൂഹത്തിനെ ബുദ്ധിമുട്ടിക്കും എന്നും സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തികളഞ്ഞു. ഇതൊക്കെ ശുദ്ധഭോഷ്‌കെന്ന് പറയാനുള്ളു.
ജാനകിയെ കോടതിയില്‍ സഹായിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട ആളാണ് ക്രോസ്സാര്‍ ചെയ്യുന്നത് മറ്റൊരു വിഭാഗത്തില്‍ പെട്ട ആളും പേരുകള്‍ മാറ്റിയില്ല എങ്കില്‍ സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കാം. അത്തരത്തില്‍ പേര് ഉപയോഗിക്കുന്നതില്‍ സിനിമാറ്റോഗ്രാഫ് ആക്ട് നിലനില്‍ക്കുന്നു. എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.നമ്മളൊക്കെ മതേതരത്വം, മതേതരത്വം എന്നൊക്കെ പറഞ്ഞു നടക്കുന്നു. ഒരു ചുക്കും ഇനി നടക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ക്രോസ് വിസ്താരം നിര്‍ത്തിവെച്ച് ഇനി നിങ്ങള്‍ ആലോചിച്ച് പറയു എന്ന് നിര്‍മാതാക്കളോട് പറഞ്ഞ ജഡ്ജ് നഗരേഷിന് നന്ദി പറയണം. അദ്ദേഹത്തിന് സിനിമാക്കാരുടെ വിഷമം മനസിലാകുമെന്നാണ് കരുതുന്നത്. എട്ടും പത്തും വാങ്ങിയ നായകന് വിഷമം ഒന്നും ഇല്ലെങ്കിലും കോടതിക്ക് അത് ബോധ്യമായി എന്നതില്‍ സന്തോഷമുണ്ട്. ശാന്തിവിള ദിനേശ് പറഞ്ഞു.