'കഞ്ഞിയില്‍ പാറ്റ പെട്ടത് പോലെ, നെപ്പോ കിഡ് തന്നെ'; ജെഎസ്‌കെയിലെ മാധവ് സുരേഷിനെക്കുറിച്ച് സീക്രട്ട് ഏജന്റ്

നിഹാരിക കെ.എസ്

വെള്ളി, 18 ജൂലൈ 2025 (13:54 IST)
ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തിയ ജെസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ മാധവിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ പറയുന്നത്.
 
സുരേഷ് ഗോപിയുടെ മകന്‍ ആയതു കൊണ്ട് മാത്രമാണ് മാധവിന് ഈ കഥാപാത്രം ലഭിച്ചതെന്നും സായ് കൃഷ്ണ പറയുന്നു. തന്റെ ചാനലില്‍ പങ്കുവച്ച ജെഎസ്‌കെ റിവ്യുവിലായിരുന്നു സീക്രട്ട് ഏജന്റിന്റെ പ്രതികരണം. സീരിയസ് സീനുകളിലും മാധവിന്റെ പ്രകടനം കണ്ട് ചിരിച്ചുപോയെന്നാണ് സായ് കൃഷ്ണ പറയുന്നത്.
 
''മറ്റ് കഥാപാത്രങ്ങളൊക്കെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ശേഷവും ഒരാള്‍ മാത്രം മുഴച്ചു നില്‍ക്കുന്നു. കണ്ടപ്പോള്‍ ചിരിച്ചു പോയി. പറയുന്നത് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെക്കുറിച്ചാണ്. നവീന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ക്രിക്കറ്റിലും ഫുട്‌ബോളിലുമൊക്കെ ചില വീക്ക് കളിക്കാരുണ്ട്. എന്നാല്‍ അവരെ ടീമില്‍ എടുത്തേ പറ്റൂ. കാരണം മാനേജ്‌മെന്റിന്റെ ആരെങ്കിലുമൊക്കെ ആകും. ടീമിലെടുത്തേ പറ്റൂ, പക്ഷെ ഒളിപ്പിക്കുകയും വേണം. ഒരു സീനില്‍ മാധവിന്റെ ഡയലോഗ് അശരീരി പോലെ കേള്‍ക്കാം. പക്ഷെ ഫ്രയ്മില്‍ കാണുന്നത് ദിവ്യ പിള്ളയേയും അനുപമയേയും. പല സീനുകളിലും കാണിക്കുന്നത് കാലുകള്‍ മാത്രമാണുള്ളത്, കാണിക്കുന്നതേയില്ല. ആദ്യ പകുതിയില്‍ എണ്ണിപ്പറഞ്ഞത് പോലെ കുറച്ച് ഡയലോഗുകളുണ്ടെന്ന് മാത്രം.'' സായ് കൃഷ്ണ പറയുന്നു.
 
''ആദ്യ പകുതിയില്‍ തന്നെ എന്നെക്കൊണ്ടൊന്നും ആകില്ല എന്ന് അയാള്‍ സൂചന തന്നു. ചില നെപ്പോകള്‍ ഇങ്ങനെയാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തിന് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തോന്നിപ്പിക്കുന്ന ബില്‍ഡപ്പുണ്ടായിരുന്നു. പക്ഷെ പിന്നെ കാണുന്നത് ആ കഥാപാത്രം ജാനകിയുടെ ബാഗ് പിടിച്ച് പിന്നിലേക്ക് പോകുന്നതാണ്. രണ്ടാം പകുതിയില്‍ കഥ യൂടേണ്‍ അടിച്ച് കിടിലനായി പോവുകയാണ്. എല്ലാ കഥാപാത്രങ്ങളും ക്യൂരിയോസിറ്റി തരും. പക്ഷെ ആ സമയത്തും ഈ ചങ്ങാതി കഞ്ഞിയില്‍ പാറ്റ പെട്ടത് പോലെ അവിടെ കിടന്ന് കളിക്കുകയാണ്'' എന്നും സീക്രട്ട് ഏജന്റ് പറയുന്നുണ്ട്.
 
''സുരേഷ് ഗോപിയുടെ മകനായത് കൊണ്ട് കിട്ടിയ റോള്‍ ആയിരിക്കണം. ബാഗേജ് എന്ന് പറയുന്ന സാധനം ഉണ്ട്. അച്ഛന്റെ ലെഗസിയുണ്ട്. അച്ഛനുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കില്ല. കുറഞ്ഞത് സുരേഷ് ഗോപിയുടെ മകന്‍ എന്ത് ചെയ്യുന്നുവെന്നെങ്കിലും ആളുകള്‍ ശ്രദ്ധിക്കും. അതിനാല്‍ നിങ്ങള്‍ സ്വയം നന്നാവുക. തുടക്കമേ ആയിട്ടുള്ളൂ. നിങ്ങള്‍ക്ക് ഒരുപാട് സിനിമകള്‍ കിട്ടും. നന്നാകാന്‍ ശ്രമിക്കുക. ഇതില്‍ നിങ്ങളെ കാണുമ്പോള്‍ ചിരിയാണ് വന്നത്.'' എന്നും അദ്ദേഹം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍