ഭ്രമയുഗത്തിൽ ഭ്രമിച്ച് ഹിന്ദി പ്രേക്ഷകർ, സിനിമ വേറെ ലെവലെന്ന് പ്രതികരണങ്ങൾ

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (10:16 IST)
മമ്മൂട്ടി സിനിമയായ ഭ്രമയുഗത്തെ പ്രശംസിച്ച് ഹിന്ദി സിനിമാ പ്രേക്ഷകര്‍. സിനിമ അതിഗംഭീരമാണെന്നും ബോളിവുഡ് ഇത്തരം സിനിമകള്‍ കണ്ട് പഠിക്കണമെന്നും സിനിമ കണ്ടിറങ്ങുന്ന ഹിന്ദി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പോലും സിനിമ ത്രില്ലും സസ്‌പെന്‍സും നല്‍കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.
 
ഹിന്ദി പ്രേക്ഷകരില്‍ നിന്നും മാത്രമല്ല തമിഴ് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴില്‍ നായകനായി ഒട്ടേറെ സിനിമകള്‍ ചെയ്തതിനാല്‍ മമ്മൂട്ടിക്ക് തമിഴ് ആരാധകര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ട്. അതിനാല്‍ തന്നെ സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന മമ്മൂട്ടിയെ പോലൊരു താരം ഇങ്ങനെയൊരു വേഷം ചെയ്തത് തങ്ങളെ ഞെട്ടിച്ചെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തിയ അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളെയും തമിഴ് പ്രേക്ഷകര്‍ എടുത്തു പറയുന്നു.
 
ഭൂതകാലം എന്ന ഹൊറര്‍ സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തൂന്നത്. പാണനായി എത്തുന്ന അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article