ഭൂതകാലം, ഭ്രമയുഗം ഇപ്പോള്‍ ഉള്ളൊഴുക്ക്; റിവ്യൂമായി 'ട്വല്‍ത്ത് മാന്‍' രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂണ്‍ 2024 (12:45 IST)
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ വലിയ വിജയമായി മാറിക്കഴിഞ്ഞു.ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയ്ക്ക് എങ്ങുനിന്നും മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്.കൂമന്‍, ട്വല്‍ത്ത് മാന്‍ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ സിനിമ കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
 
'മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ടേഴ്‌സില്‍ ഒരാളാണ് ഉര്‍വശി. ഉള്ളൊഴുക്കിലെ ലീലാമ്മ ഒരിക്കല്‍ കൂടി അത് ഓര്‍മിപ്പിക്കുന്നെന്ന് മാത്രം. പുറമേക്ക് സാധാരണമെന്ന് തോന്നിക്കുന്ന വെള്ളത്തിന്റെ ഉള്ളൊഴുക്ക് തിരിച്ചറിയുക എളുപ്പമല്ല. ലീലാമ്മയുടെ വൈകാരിക സംഘര്‍ഷങ്ങളും അങ്ങിനെ തന്നെയാണ്. വളരെ സൂക്ഷ്മമായി, നിയന്ത്രിതമായി ഉര്‍വശി അത് അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടിരുന്ന് പോകും. അതിനോട് ഏതാണ്ട് കിടപിടിക്കുന്ന അഭിനയ മികവ് പാര്‍വതിയും കാഴ്ചവെക്കുന്നുണ്ട്. മൂടിക്കെട്ടി വിങ്ങി നില്‍ക്കുന്ന ആകാശം, ഇടമുറിയാതെ പെയ്യുന്ന മഴ, വെള്ളപ്പൊക്കം...... കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച ദൃശ്യഭാഷ ചമച്ച ഷഹനാദ് ജലാലിന്റെ ക്യാമറ അതിമനോഹരം. ഭൂതകാലം, ഭ്രമയുഗം ഇപ്പോള്‍ ഉള്ളൊഴുക്ക്. ഒരിടവേളക്ക് ശേഷം ഷഹനാദിന്റെ മികച്ച ചിത്രങ്ങള്‍. തന്റെ ആദ്യ സിനിമയിലൂടെ ക്രിസ്റ്റോ ടോമി എന്ന സംവിധായകനും വരവറിയിച്ചു കഴിഞ്ഞു.',-കൃഷ്ണകുമാര്‍ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article