മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. ഏപ്രിൽ 10 ന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് സെയിലിൽ ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്നും സിനിമ ഒരു കോടിക്ക് മുകളിൽ നേടി കഴിഞ്ഞു.
ചിത്രം കേരളത്തിൽ നിന്ന് മാത്രം 43 ലക്ഷം അഡ്വാൻസ് സെയിലിൽ നേടിയിട്ടുണ്ട്. പിവിആർ ഉൾപ്പെടെയുള്ള മട്ടിപ്ലെക്സ് സ്‌ക്രീനുകളിൽ ബുക്കിംഗ് തുടങ്ങാനിരിക്കെ കളക്ഷൻ ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഓവർസീസ് മാർക്കറ്റിൽ നിന്നും 64 ലക്ഷമാണ് ബസൂക്കയുടെ ഇതുവരെയുള്ള അഡ്വാൻസ് സെയിൽ നേട്ടം. ആദ്യ ദിനം മികച്ച കളക്ഷൻ ബസൂക്കയ്ക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ബുക്കിംഗ് ആരംഭിച്ച് ആദ്യ എട്ടു മണിക്കൂറില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 26.50 ലക്ഷം രൂപയാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിംഗ് കണക്കുകളാണ് ഇത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്തിരുന്നു.