കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ബള്‍ട്ടി'യിലൂടെയാണ് സായ് അഭ്യങ്കറിന്‍റെ മലയാളത്തിലെ അരങ്ങേറ്റം. മോഹൻലാലാണ് സായിയെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്തത്.
ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആവേശത്തോടെയാണ് ജനങ്ങൾ വീഡിയോ ഏറ്റെടുക്കുന്നത്. ബൾട്ടി ഓണം എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ബൾട്ടി ജഴ്സിയുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്.
സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ബൾട്ടിയുടെ നിർമ്മാണം. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായി കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ഈ ഗാനങ്ങള്‍ ഇതിനകം യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് ചിത്രം ബെൻസ് ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്.
സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശൻ ചിത്രം 'എസ് ടി ആർ 49', അല്ലു അർജുൻ - അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ഡ്യൂഡ് എന്നീ സിനിമകളിലും ഈ ഇരുപതുകാരൻ സംഗീതമൊരുക്കുന്നുണ്ട്.