Balachandra Menon: 'ഓരോ മൗനത്തിനും തങ്കത്തിന്റെ മൂല്യമുണ്ട്': ബാലചന്ദ്ര മേനോൻ

നിഹാരിക കെ.എസ്

ശനി, 5 ജൂലൈ 2025 (09:17 IST)
സമൂഹമാധ്യമങ്ങളിൽ വരുന്ന ദുഷ്പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താനുൾപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ ശക്തമായി തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  
 
ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിലായെന്നു വാർത്തകൾ വന്നിരുന്നു.  ‌എന്നാൽ തന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്ത അസത്യമാണെന്നും മീനു മുനീർ വിശദീകരിച്ചു. മിനു മുനീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്, അറസ്റ്റ് വാർത്ത പുറത്തുവന്നത്.   
 
'എനിക്കെതിരായ ദുഷ്പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാനുൾപ്പെടെ കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എനിക്ക് അനുകൂലമായ ഒരു റഫറൽ റിപ്പോർട്ട് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോഴും ഇത്തരത്തിൽ ദുഷ്പ്രചാരണം തുടരുന്നത് എന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്.
 
ഈ പ്രവൃത്തി ചെയ്യുന്ന 'പ്രമോട്ടർമാരോട്' അതിൽ നിന്ന് പിന്മാറണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കൃത്യമായ സമയം വരുമ്പോൾ ഞാൻ പ്രതികരിക്കും. അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു', ബാലചന്ദ്ര മേനോൻ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍