ചലച്ചിത്ര മേഖലയിലും യേശുദാസിനെതിരേ വിമര്‍ശനമുയരുന്നു. ഗായകന്‍ കെ ജെ യേശുദാസിന്റെ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചുള്ള വിവാദപരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ് രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം പെണ്ണ് ശരീരം വേണ്ടുംവിധം മറയ്ക്കാത്തതാണെന്ന സ്ഥിരം പുരുഷ/കാട്ടാളയുക്തി അങ്ങേയ്ക്ക് ഭൂഷണമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന, ആദരവോടേയും,അരാധനയോടേയും മാത്രം നോക്കിക്കാണുന്ന യേശുദാസ് സാര്‍ അറിയുന്നതിന്,
അങ്ങെന്ന ഗന്ധര്‍വ്വഗായകന്റെ പരശതം വരുന്ന ആരാധകരില്‍ ഒരാളാണ്, ഞാന്‍. ഈ അടുത്ത കാലത്ത്, അങ്ങയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി, ഞാന്‍ എഴുതി, സംവിധാനം ചെയ്ത മാടമ്പിയിലെ, അമ്മമഴക്കാറിന് എന്ന ഗാനത്തെ അങ്ങ് തന്നെ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍, എനിക്ക് തോന്നിയ ആഹ്ലാദവും, അഭിമാനവും പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതുപോലെ, പറയാന്‍ കഴിയാത്തവിധം വേദനയും അമര്‍ഷവും തോന്നി, ഇന്നലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് അങ്ങ് നടത്തിയ പരാമര്‍ശത്തെക്കുറിച് അറിഞ്ഞപ്പോള്‍. അത് വേണ്ടായിരുന്നു, സാര്‍. എല്ലാ ലൈംഗിക അതിക്രമങ്ങള്‍ക്കും കാരണം, പെണ്ണ് ശരീരം വേണ്ടുംവിധം മറയ്ക്കാത്തതാണെന്ന സ്ഥിരം പുരുഷ/കാട്ടാളയുക്തി, എന്തായാലും അങ്ങേയ്ക്ക് ഭൂഷണമല്ല. പെണ്ണിന്റെ ശരീരത്തിന്റെ ഉടമ അവള്‍മാത്രമാണ്. അതിന്മേല്‍ പുരുഷന്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ, പ്രലോഭനത്തിന്റെ ആനുകൂല്യം നല്‍കി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്, നീതീകരിക്കാന്‍ ആവില്ല. ദയവായി ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കുക.
സ്നേഹത്തോടെ,
അങ്ങയുടെ മഹത്വം ഒരുകഴഞ്ചുപോലും കുറയാന്‍ ഇടയാവരുതെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ ആരാധകന്‍.