ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കാന്താര. പത്ത് ദിവസം കൊണ്ട് സിനിമ 500 കോടിയാണ് കളക്ട് ചെയ്തത്. ഇപ്പോഴിതാ സിനിമയെ പ്രശംസിക്കുകയാണ് സംവിധായകൻ അറ്റ്ലീ. കാന്താര സിനിമ കാണാനായി താൻ രണ്ടര മണിക്കൂർ യാത്ര ചെയ്തുവെന്നും സിനിമ കണ്ട ശേഷം റിഷബിനെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും അറ്റ്ലീ പറഞ്ഞു.
റിഷബ് ഷെട്ടിയ്ക്ക് നാഷണൽ അവാർഡ് ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യാ ടുഡേയോട് അറ്റ്ലീ പ്രതികരിച്ചു. സിനിമ കണ്ടതിനുശേഷം, എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹം ഒരു പ്രചോദനമാണെന്ന് തനിക്ക് തോന്നിയെന്നും അറ്റ്ലീ പറഞ്ഞു.
'കാന്താര ചാപ്റ്റർ 1 റിലീസ് ചെയ്തപ്പോൾ ഞാൻ ആംസ്റ്റർഡാമിലായിരുന്നു. സിനിമ കാണാൻ 2.5 മണിക്കൂർ യാത്ര ചെയ്തു. സിനിമ കണ്ട ഉടനെ ഞാൻ റിഷബിനെ വിളിച്ച് ആശംസകൾ അറിയിച്ചു. ഗംഭീര ചിത്രമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്തും എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയുമാണ്. സിനിമ കണ്ടതിനുശേഷം, എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹം ഒരു പ്രചോദനമാണെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അറിയാം അത്തരം ഒരു സിനിമ എടുക്കുന്നതിൽ ബുദ്ധിമുട്ട്. അദ്ദേഹം സംവിധാനം മാത്രമല്ല അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' അറ്റ്ലീ പറഞ്ഞു.
അതേസമയം, ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. ചിത്രം 1000 കോടി നേടുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.