അറ്റ്‌ലീക്കൊപ്പം വീണ്ടും കൈകോർത്ത് ദീപിക പദുക്കോൺ. അല്ലു അർജുനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ദീപികയാണ് നായിക. നായികയെ അനൗൺസ് ചെയ്യുന്ന സൺ പിക്‌ചേഴ്‌സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ആക്ഷൻ സീനുകൾ അടക്കം ചെയ്യുന്ന ദീപികയുടെ ദൃശ്യങ്ങളാണ് സൺ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ദീപികയെ കൂടാതെ, ജാൻവി കപൂർ, മൃണാൾ താക്കൂർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്നും പുറത്തു പോയതിന് പിന്നാലെ എത്തുന്ന ദീപികയുടെ ചിത്രമാണിത്. അല്ലു അർജുനൊപ്പം ആദ്യമായാണ് ദീപിക സ്‌ക്രീൻ ഷെയർ ചെയ്യാനൊരുങ്ങുന്നത്. കൽക്കി 2898 എഡിക്ക് ശേഷം ദീപിക അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മാത്രമല്ല, അമ്മയായതിന് ശേഷം ദീപിക തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
ടൈം ട്രാവൽ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചന. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. അല്ലു അർജുൻ ഈ ചിത്രത്തിലൂടെ 2000 കോടി എന്ന മാന്ത്രിക സംഖ്യ തൊടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.