മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. സിനിമാ പാരമ്പര്യമില്ലാതെ സിനിമയിലെത്തിയ ആസിഫ് അലി സ്വന്തം കഠിനപ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിലെത്തിയത്. തുടക്കത്തിൽ അഭിനയത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ആസിഫ് അലി നേരിട്ടിരുന്നു. പിന്നീട് ഒരുകാലത്ത് താരത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ ആയിരുന്നു വിമർശനം നേരിട്ടത്. എന്നാൽ, വിമർശകരെ പോലും അതിശയിപ്പിക്കുന്ന രീതിയിലാണ് ആസിഫിന്റെ സ്ക്രിപ്റ്റ് സെലെക്ഷൻ.
അടുത്തകാലത്ത് ഇറങ്ങിയ ആസിഫിന്റെ ചിത്രങ്ങൾ എല്ലാം വാണിജ്യ വിജയമായിരുന്നു എന്ന് മാത്രമല്ല താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിഷ്‌കിന്ധകാണ്ഡം, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളും രേഖാചിത്രവും ഒക്കെ ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷമുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ്.
'എന്റെ അടുത്തേക്ക് എത്തേണ്ട ചില സിനിമകൾ സ്വഭാവത്തിന്റെ പ്രശ്‌നം കാരണം നഷ്‍ടമായിട്ടുണ്ട്. ഫോൺ എടുക്കാത്ത സ്വഭാവമായിരുന്നു അത്. ഇപ്പോഴും അത് മാറിയിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ ചിലർ പറയാറുണ്ട്, ഈ പടം ആസിഫിനെ വച്ച് ചെയ്യാനിരുന്നതാണ് എന്നൊക്കെ. അപ്പോൾ അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനായിട്ട് ഒരു സിനിമ തീരുമാനിച്ച് ചെയ്‌താൽ, അത് മോശമായാലും എനിക്ക് വിഷമമില്ല', ആസിഫ് പറയുന്നു.