അസീസ് നെടുമങ്ങാട് തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായി പറഞ്ഞതാണെന്ന് നടന്‍ അശോകന്‍.ചില സമയങ്ങളില്‍ തന്നെ അനുകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ പ്രോഗ്രാം മുഴുവനായി നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമം ഒന്നുമില്ല. ഞാന്‍ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാന്‍ പറഞ്ഞത്. ചില സമയങ്ങളില്‍ എന്നെ ചെയ്യുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല.കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാന്‍ കാരണം അതാണ്. മുന്‍പ് ചിലപ്പോള്‍ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ.പിന്നെ എനിക്ക് പറയാന്‍ തോന്നിയപ്പോള്‍ പറഞ്ഞെന്നേയുള്ളൂ. എന്റെ അഭിപ്രായം ഞാന്‍ ചാനലില്‍ പറഞ്ഞത് തന്നെയാണ്, അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാന്‍ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല'-അശോകന്‍ പറഞ്ഞു.