Iam Game: ദുല്‍ഖറിന്റെ അത്രയും പ്രധാന്യമുള്ള റോളില്‍ ആന്റണി പെപ്പെയും, ഒരുങ്ങുന്നത് സ്‌പോര്‍ട്‌സ് ത്രില്ലര്‍

അഭിറാം മനോഹർ

ശനി, 3 മെയ് 2025 (12:27 IST)
Dulquer Salman and Antony Varghese in Iam Game
കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ പരാജയം ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന് ഏല്‍പ്പിച്ച മുറിവ് വലുതായിരുന്നു. അന്യഭാഷയില്‍ ലക്കി ഭാസ്‌കര്‍,സീതാ രാമം എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ ചെയ്യുമ്പോളും സ്വന്തം തട്ടകമായ മലയാളത്തില്‍ ദുല്‍ഖറിന് അടുത്തിടെ വലിയ വിജയങ്ങളില്ല. 2021ല്‍ പുറത്തിറങ്ങിയ കുറുപ്പ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം 2023ല്‍ കിംഗ് ഓഫ് കൊത്തയിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും മലയാള സിനിമയിലെത്തിയത്.
 
 എന്നാല്‍ വമ്പന്‍ ഹൈപ്പിലെത്തിയ സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. മലയാളത്തില്‍ 2 വര്‍ഷത്തിന് ശേഷമെത്തുന്ന സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്നത് കടുത്ത നിരാശയാണ് ദുല്‍ഖറിനുണ്ടാക്കിയത്. സ്ഥിരമായി മലയാളത്തില്‍ നിന്നും വലിയ ഇടവേളയെടുക്കുന്നതിനാല്‍ നിലവില്‍ ഒരു ദുല്‍ഖര്‍ സിനിമയുടെ വലിയ വിജയം ദുല്‍ഖര്‍ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.
 
 നിലവില്‍ മലയാളത്തില്‍ നഹാസ് ഹിദായത്തിന്റെ അയാം ഗെയിമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സ്‌പോര്‍ട്‌സ് ത്രില്ലറില്‍ ആന്റണി പെപ്പെയും പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇപ്പോഴിതാ ഈ സിനിമയെ പറ്റിയുള്ള പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രഹകനായ ജിംഷി ഖാലിദ്. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസിനും പ്രധാനപ്പെട്ട വേഷമാണ് സിനിമയിലെന്ന് ജിംഷി ഖാലിദാണ് വ്യക്തമാക്കിയത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിംഷി ഖാലിദിന്റെ വെളിപ്പെടുത്തല്‍.
 
 ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നതെന്ന് ജിംഷി ഖാലിദ് പറയുന്നു. ഛായാഗ്രഹകനെന്ന നിലയില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ചലഞ്ചാണ് സിനിമയെന്നും ക്രിക്കറ്റ് അല്ലാതെ മറ്റൊരു പ്രധാനപ്ലോട്ടും സിനിമയിലുണ്ടെന്ന് ജിംഷി ഖാലിദ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍