കാന്താര 2–ൽ വീണ്ടും മരണം; പ്രധാന നടന്‍ കുഴഞ്ഞു വീണു മരിച്ചു, തുടങ്ങിയത് മുതൽ ദുശ്ശകുനം?

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (09:03 IST)
ബംഗലൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി അന്തരിച്ചു. 34 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) രാകേഷ് പൂജാരി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഉഡുപ്പി ജില്ലയിലെ കര്‍കലയില്‍ ഒരു മെഹന്ദി ചടങ്ങില്‍ നടൻ പങ്കെടുത്തിരുന്നു. പുലര്‍ച്ചെ നടന്ന ചടങ്ങിൽ രണ്ടുമണിയോടെ രാകേഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
കോമഡി ഖിലാഡിഗാലു സീസണ്‍ 3 യില്‍ വിജയിയായതോടെയാണ് രാകേഷ് പൂജാരി പ്രശസ്തനായത്. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷ് പെര്‍ഫോമിങ് ആര്‍ട്സ് ആരംഭിച്ചത്. 2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന മുഖമായിരുന്നു. 
 
നേരത്തെ രണ്ടാഴ്ച മുൻപ് കാന്താരയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചിരുന്നു. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകൻ കബിൽ ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്‍റെ മരണത്തോടനുബന്ധിച്ച് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍