പുഷ്പ 2വില്‍ ഗംഭീരപ്രകടനമാണ് ഫഹദ് ഫാസില്‍ നടത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ആദ്യഭാഗത്തില്‍ ചെറിയ വേഷമായിരുന്നെങ്കിലും പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ തകര്‍ത്തിട്ടുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. മലയാളത്തിന്റെ ദത്തുപുത്രനാണ് താനെന്നും മലയാളികളോടുള്ള തന്റെ സ്‌നേഹം അറിയിക്കുന്നതിനായി പുഷ്പ 2വില്‍ ഒരു ഗാനത്തിന്റെ ഹുക്ക് ലൈന്‍ മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അല്ലു അര്‍ജുന്‍ വെളിപ്പെടുത്തി.
പുഷ്പ 2 സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കായി കേരളത്തിലെത്തിയപ്പോഴാണ് അല്ലു അര്‍ജുന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫ്‌ളൈറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ എന്റെ ടീമിനോട് ഞാന്‍ പറഞ്ഞത് എന്റെ നാട്ടിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം എന്നാണ്. എല്ലാ മലയാളികള്‍ക്കും നിങ്ങളുടെ ദത്ത് പുത്രന്റെ സ്‌നേഹം അറിയിക്കട്ടെ. കഴിഞ്ഞ 20 വര്‍ഷമായി എന്നെ നിസീമമായി സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.
പല കാരണങ്ങള്‍ കൊണ്ടും എനിക്ക് സ്‌പെഷ്യലായ സിനിമയാണ് പുഷ്പ. കരിയറില്‍ ആദ്യമായി വലിയൊരു മലയാളി താരത്തിനൊപ്പം ഞാന്‍ അഭിനയിക്കുന്നത് പുഷ്പയിലാണ്. നിങ്ങളുടെ സ്വന്തം ഫഫാ. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ശരിക്കും പുഷ്പ 2വില്‍ ഫഫ തകര്‍ത്തിട്ടുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടും. എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളു. അദ്ദേഹം എല്ലാ മലയാളികള്‍ക്കും അഭിമാനമാകും.
മലയാളികള്‍ക്കായി ഒരു സര്‍പ്രൈസും സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. സിനിമയില്‍ ഒരു ഗാനം തുടങ്ങുന്നത് മലയാളം വരികളോടെയാണ്. 6 ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ടെങ്കിലും അതിലെല്ലാം തന്നെ ഈ വരികള്‍ മലയാളത്തിലാകും. അത് മലയാളികളോടുള്ള എന്റെ സ്‌നേഹം അടയാളപ്പെടുത്താനുള്ള ചെറിയ ഒരു ശ്രമമാണ്. അല്ലു അര്‍ജുന്‍ പറഞ്ഞു.