‘ഏറെ ആരാധകരുള്ള ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി’: ഞെട്ടിച്ച് ആലപ്പി അഷ്റഫ്

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (15:00 IST)
എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിയ ഒരു നടിക്ക് നേരെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. ഒരേസമയം, മലയാളത്തിലും അന്യഭാഷാ സിനിമകളിലും അഭിനയിച്ചു കൊണ്ടിരുന്ന നടിയെ ഒരു സംഘം ആളുകൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ചാണ് സംഭവമെന്നും ഇയാൾ പറയുന്നു.  
 
കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതെന്നും യുവതലമുറയിൽ പെട്ട ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഇപ്പോഴെങ്കിലും ഇക്കാര്യം പറയുന്നതെന്നും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.
 
'മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നജനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു. ഒരുപാട് ആരാധകരുണ്ടായിരുന്നു അവർക്ക്. അവരെ അമേരിക്കയിൽ നിന്നും ഒരുകൂട്ടം ആളുകൾ വിളിച്ച് ഒരു സിനിമ ചെയ്യണം, ഹിന്ദിയിലായിരിക്കും എന്നൊക്കെ പറഞ്ഞു. ഇവർ അത് വിശ്വസിച്ചു. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസയൊക്കെ അയച്ചു. അവർ സിനിമ പ്രതീക്ഷിച്ച് അമേരിക്കയ്ക്ക് പോയി.
 
അവിടെ കിട്ടിയത് ഗംഭീര സ്വീകരണം. നടിയെ ഒരു ഫ്‌ളാറ്റിലെത്തിച്ചു. രാത്രിയാണ് താൻ കുടുക്കിൽ അകപ്പെട്ടതാണെന്ന് നടി തിരിച്ചറിയുന്നത്. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡിൽ പെട്ടവരായിരുന്നു. നടിയെ പീഡിപ്പിക്കാൻ അവർ ശ്രമം നടത്തി. നടി കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ. പീഡനം തുടർന്നുകൊണ്ടേയിരുന്നു. കുറച്ച് ദിവസം അങ്ങനെ പോയി. നടി അവിടെ അകപ്പെട്ട കിടക്കുകയാണ്. പീഡിപ്പിച്ചവർ പുറത്തോട്ടുപോയ സമയം നോക്കി നടി ലാൻഡ് ഫോണിൽ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോൺ എടുത്തു. പുള്ളിയും അന്ധാളിച്ചു. വിജയേട്ടൻ അന്ന് ന്യൂയോർക്കിൽ ടെലികോം എൻജിനീയർ ആണ്. 
 
അങ്ങനെ അദ്ദേഹം ഇടപെട്ട് നടിയെ നാട്ടിലെത്തിച്ചു. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല. വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്. ഞാനിത് തുറന്നുപറയുന്നത് ചതിക്കുഴിയിൽ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ', സംവിധായകൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article