'ഇപ്പോൾ ആരാണ് കളിക്കുന്നത്? ഞാനാണോ? കുടുംബത്തെ ഇപ്പോൾ വലിച്ചിഴച്ചത് ആരാണ്?': ബാല

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (14:08 IST)
കൊച്ചി: മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ ബാല. ഇപ്പോഴത്തെ അറസ്റ്റ് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ബാലയുടെ പ്രതികരണം. വിവാദമായ വിഷയത്തിൽ എന്തെങ്കിലും പ്രതികരണം നടത്തിയിട്ട് മൂന്നാഴ്ച ആകുന്നുവെന്നും എന്നിട്ടും ഇപ്പോള്‍ എന്തിനാണ്‌ അറസ്റ്റു ചെയ്തതെന്ന് മനസിലാകുന്നില്ലെന്നുമാണ് ബാല പറയുന്നത്.
 
''ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴക്കുന്നത് ഞാനല്ല, ആണോ?', ബാല ചോദിച്ചു.
 
മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയതിനാണ് മുന്‍ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. മകളുമായി ബന്ധപ്പെട്ട് ബാല സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിനു കാരണമായെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി മുന്‍ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. തുടക്കത്തിലൊന്നും പ്രതികരിച്ചില്ലെങ്കിലും ഈയടുത്താണ് സോഷ്യല്‍ മീഡിയയിലൂടെ ബാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പരാതിക്കാരിയായ മുന്‍ഭാര്യ രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article