ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സഹോദരന്‍ ഷെല്‍ജുവിന്റെ ഓര്‍മകളില്‍ വേദനയോടെ നടന്‍ ബൈജു എഴുപുന്ന. അനുജന് പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നെന്നും ബൈജു പറഞ്ഞു. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ സഹോദരനു ഉണ്ടായിരുന്നില്ലെന്നും ബൈജു പറഞ്ഞു.
' കഴിഞ്ഞ ദിവസം ഷെല്‍ജുവിന്റെ വെഡ്ഡിങ് ആനിവേഴ്‌സറി ആയിരുന്നു. ഞാന്‍ ഉച്ചയ്ക്കു അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാന്‍ പോയത്. ഇടുക്കിക്കു പോകുന്ന യാത്രയില്‍ തൊടുപുഴ എത്തിയപ്പോള്‍ ഷെല്‍ജുവിന് ഒട്ടും സുഖമില്ലാതെ വന്നു എന്ന് അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ലേക്ക്‌ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിന്റെ അവസ്ഥ കാരണം എത്തിക്കാന്‍ കുറച്ചു വൈകി. അവിടെ ചെന്നിട്ട് അവര്‍ ഒരു ഇരുപതു മിനിറ്റോളം ശ്രമിച്ചു. പക്ഷേ ആള് പോയി..,' ബൈജു പറഞ്ഞു.
' അവന്‍ ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശീലങ്ങള്‍ ഒന്നുമില്ല. എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യും. ശരീരം നന്നായി നോക്കുന്ന ആളാണ്. അവനു ഇപ്പോള്‍ 49 വയസ്സായി. ദൈവം വിളിച്ചാല്‍ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നുമില്ല. ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവന്‍ എന്റെ മമ്മിയുടെ അടുത്തേക്കു പോയി,'
' രണ്ട് മാസം മുന്‍പ് അവനു പനി വന്നിരുന്നു. അന്ന് കുറച്ചു ദിവസം ആശുപത്രിയില്‍ ആയിരുന്നു. അതിനു ശേഷം അവനു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രഷറും കൊളസ്‌ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഭാര്യ വിചാരിച്ചത് ഷുഗര്‍ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാന്‍ പറ്റിയില്ല,' ബൈജു പറഞ്ഞു.
'ടോക്‌സ് ലെറ്റ് മി ടോക്' എന്ന ചാനലിനോടു സംസാരിക്കവെയാണ് ബൈജു സഹോദരന്റെ മരണത്തെ കുറിച്ച് പ്രതികരിച്ചത്. 49 കാരനായ ഷെല്‍ജു കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.