മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും കൈയ്യിൽ നിന്നും എടുത്തിട്ടില്ല: അക്കൗണ്ടിലെത്തിയത് 28 കോടി

നിഹാരിക കെ എസ്

ശനി, 30 നവം‌ബര്‍ 2024 (10:20 IST)
കൊച്ചി: സൗബിന് ഷഹിറിനെതിരെയായി നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിർമിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും പലരിൽ നിന്നായി അക്കൗണ്ടിലെത്തിയ പണമാണ് ഈ സിനിമ ചെയ്യാൻ ഇവർ ഉപയോഗിച്ചതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. പറവ ഫിലിംസ് ഉടമകൾക്കെതിരെയുള്ള വഞ്ചന കേസിലാണ് വെളിപ്പെടുത്തൽ.
 
നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്നും ചിലവാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്. 
 
പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. ഇയാൾക്ക് 40 ശതമാനം വിഹിതം നൽകാമെന്നായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത് പാലിക്കാതെ വന്നതോടെയാണ് ഹമീദ് കേസ് നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍