Jayaram - Kalidas Jayaram Movie: 'ഒരു വടക്കന്‍ സെല്‍ഫി' സംവിധായകനൊപ്പം ജയറാം, പ്രധാന വേഷത്തില്‍ കാളിദാസും; ഗോകുലം മൂവീസിന്റെ 'ആശകള്‍ ആയിരം'

രേണുക വേണു

തിങ്കള്‍, 7 ജൂലൈ 2025 (19:31 IST)
Aashakal Aayiram

Jayaram - Kalidas Jayaram Movie: 'ഒരു വടക്കന്‍ സെല്‍ഫി', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജി.പ്രജിത്ത് വീണ്ടും സംവിധായക കുപ്പായമണിയുന്നു. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ ഒന്നിക്കുന്ന 'ആശകള്‍ ആയിരം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ്. ക്രിയേറ്റീവ് ഡയറക്ടറായും ജൂഡ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബൈജു ഗോപാലനും വി.സി.പ്രവീണും കോ-പ്രൊഡ്യൂസേഴ്‌സ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സനല്‍ ദേവ്. 
 
ടൈറ്റില്‍ പോസ്റ്ററില്‍ ജയറാമിനെയും കാളിദാസിനെയും കാണാം. ഒരു ഫീല്‍ ഗുഡ് ഴോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. 
 
തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 'ആശകള്‍ ആയിരമെന്ന്' ജൂഡ് ആന്റണി പറഞ്ഞു. ' അയല്‍വീട്ടിലെ ആദ്യ പയ്യന്‍, നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലന്‍ സാറുമായും കൃഷ്ണമൂര്‍ത്തി ചേട്ടനുമായും ആദ്യ സിനിമ.
 
പ്രിയപ്പെട്ട പ്രജിത്തേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമ, അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ.
 
ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ. നിങ്ങള്‍ക്കിഷ്ടപ്പെടും, ഉറപ്പാ,' ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍