1989 ല്‍ റിലീസായ ‘കിരീടം’ എന്ന ചിത്രം പിന്നീട് മലയാള സിനിമയുടെ തന്നെ കിരീടമായി മാറി. മലയാള സിനിമയുടെ ചരിത്രമെഴുതുന്നവര്‍ക്ക് കിരീടത്തെ പരാമര്‍ശിക്കാതെ കടന്നുപോകാനാവില്ല. മോഹന്‍ലാല്‍, തിലകന്‍, മോഹന്‍രാജ്(കീരിക്കാടന്‍ ജോസ്) എന്നിവരുടെ അതിഗംഭീര പ്രകടനം കൊണ്ട് ഉജ്ജ്വലമായ സിനിമ. സിബി മലയിലിന്‍റെ തകര്‍പ്പന്‍ സംവിധാനം. എല്ലാത്തിലുമുപരി ലോഹിതദാസ് എന്ന മഹാപ്രതിഭ നല്‍കിയ ഉള്ളുരുക്കുന്ന തിരക്കഥ. കിരീടത്തിന് സവിശേഷതകള്‍ ഏറെയായിരുന്നു.
കിരീടത്തിന് മലയാളത്തില്‍ ‘ചെങ്കോല്‍‘ എന്ന തുടര്‍ച്ചയുണ്ടായി. തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു. മലയാളത്തില്‍ തന്നെ ഇപ്പോഴും കിരീടത്തിന്‍റെ പല ഭേദങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു(‘ഉത്തമന്‍’ എന്ന ജയറാം ചിത്രം ഓര്‍ക്കുക).
തമിഴകത്ത് ‘വേട്ടൈ’ എന്ന ബിഗ്‌ജറ്റ് ചിത്രം ശനിയാഴ്ച റിലീസാകുകയാണ്. ആനന്ദം, റണ്‍, ചണ്ടക്കോഴി, പയ്യാ തുടങ്ങിയ മെഗാഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള എന്‍ ലിംഗുസാമിയാണ് സംവിധായകന്‍. മാധവന്‍, ആര്യ എന്നിവര്‍ വേട്ടയില്‍ നായകന്‍മാരാകുന്നു. സമീര റെഡ്ഡി, അമല പോള്‍ എന്നിവര്‍ നായികമാര്‍.
ലിംഗുസാമി പറയുന്നത് കേള്‍ക്കുക - “മലയാള സിനിമകള്‍ എന്നെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കിരീടം എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. ആ സിനിമ എന്‍റെ മനസിലുണ്ടാക്കിയ ഒരു ഫീല്‍ വളരെ വലുതാണ്. യഥാര്‍ത്ഥത്തില്‍ വേട്ടൈ എന്ന സിനിമയുടെ പ്രചോദനം കീരീടമാണ്. വേട്ടയ്ക്കും കിരീടത്തിനും തമ്മില്‍ കഥയില്‍ സാമ്യമൊന്നുമില്ല. പക്ഷേ കിരീടത്തിന്‍റെ ഒരു മൂഡ് വേട്ടൈയിലുമുണ്ട്. വേട്ടൈയുടെ സൃഷ്ടിക്ക് കിരീടം എങ്ങനെ പ്രചോദനമായി എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ആ ബന്ധം എനിക്ക് മാത്രം മനസിലാകുന്ന ഒന്നാണ്” - ലിംഗുസാമി ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
മലയാള സിനിമയോട് ലിംഗുസാമിക്ക് എന്നും പ്രണയമാണ്. അതും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ കേള്‍ക്കുക - “മലയാളത്തോട് എപ്പോഴും എനിക്ക് അടുപ്പം തോന്നിയിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ഭരതനാണ്. അദ്ദേഹത്തിന്‍റെ തേവര്‍മകനാണ് പ്രിയപ്പെട്ട സിനിമ. റണ്ണിലും ചണ്ടക്കോഴിയിലും ഞാന്‍ മീരാ ജാസ്മിനെ നായികയാക്കി. ആനന്ദത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചണ്ടക്കോഴിയില്‍ ലാല്‍ വില്ലനായി. വേട്ടൈയില്‍ അമല പോളും ശ്രീജിത്ത് രവിയുമുണ്ട്.” - ലിംഗുസാമി വ്യക്തമാക്കി.