‘ബോഡിഗാര്‍ഡിനെതിരെ’ പൊലീസ്

Webdunia
ശനി, 18 ഏപ്രില്‍ 2009 (19:33 IST)
WDWD
ദിലീപ് നായകനായി അഭിനയിക്കുന്ന ‘ബോഡിഗാര്‍ഡ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കാന്‍ സംവിധായകന്‍ സിദ്ദിഖിന് ഒറ്റപ്പാലം പൊലീസ് നിര്‍ദ്ദേശം നല്‍കി. മാക്‌ട ഫെഡറേഷന്‍ അംഗങ്ങളുമായി പൊലീസ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് സിദ്ദിഖ് തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്.

സിനിമാ രംഗത്ത്‌, നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്‍റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധവും ഗൂഢാലോചനയും നടക്കുകയാണെന്ന്‌ ആരോപിച്ച് മാക്ട ഫെഡറേഷന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ബോഡി ഗാര്‍ഡിന്‍റെ ചിത്രീകരണം നടക്കുന്ന ഒറ്റപ്പാലം വരിക്കാശേരി മനയിലേയ്ക്ക് ആയിരുന്നു മാര്‍ച്ച് നടത്തിയത്.

അംഗീകാരം ലഭിക്കാത്ത ഫെഫ്ക നടത്തുന്ന കള്ള പ്രചാരണം ഉപേക്ഷിക്കുക, കൂലി വര്‍ദ്ധനവ്‌ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക്‌ ശേഷം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ വെച്ച് മാക്ട ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ദിലീപും സിദ്ദിഖും അറിയിച്ചതോടെ സമരം താല്‍കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍, മാക്‌ടയുമായി താന്‍ ചര്‍ച്ചയ്ക്കില്ലെന്ന് ദിലീപ് പിന്നീട് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ്, ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് സിദ്ദിഖിനോട് നിര്‍ദ്ദേശിച്ചത്.