‘തല’ തരംഗത്തിന് ആരംഭം!

Webdunia
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (20:53 IST)
PRO
തെന്നിന്ത്യയിലാകെ ‘തലമാനിയ’. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ‘ആരംഭം’ റിലീസാകുമ്പോള്‍ തമിഴകം വീണ്ടും ഒരു താരോത്സവത്തിന് തയ്യാറെടുക്കുകയാണ്. ഇത്തവണ ‘തലദീപാവലി’ കൊണ്ടാടാനൊരുങ്ങിത്തന്നെയാണ് തമിഴ് ജനത.

ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് സ്ക്രീനുകളില്‍ അജിത് ചിത്രം റിലീസാകുമ്പോള്‍ അത് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റാകുമെന്നാണ് ട്രേഡ് പണ്ഡിറ്റുകളുടെ പ്രവചനം. ചിത്രത്തിന്‍റെ ആദ്യ മൂന്നുദിവസങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി വിതരണക്കാര്‍ അറിയിച്ചു.

ചെന്നൈയില്‍ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രധാന ഷോയെല്ലാം ‘ആരംഭം’ ആയിരിക്കുമെന്നാണ് സൂചന. ദീപാവലിക്ക് മറ്റ് ചിത്രങ്ങളും റിലീസുണ്ടെങ്കിലും ആരംഭത്തിന് തന്നെയാണ് എവിടെയും പ്രാധാന്യം. ചെന്നൈയിലെ പല മള്‍ട്ടിപ്ലക്സുകളും അവരുടെ എല്ലാ സ്ക്രീനുകളിലും ആരംഭം പ്രദര്‍ശിപ്പിക്കാനാണ് ഒരുങ്ങുന്നത്. മായാജാല്‍ മാത്രം റിലീസ് ദിവസം 91 ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

നാടെങ്ങും ആരംഭത്തിന്‍റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. തല ആരാധകര്‍ ക്ഷേത്രങ്ങളില്‍ ആരംഭത്തിനായി പ്രത്യേക പൂജകള്‍ കഴിക്കുന്നു.

എന്നാല്‍ കര്‍ണാടകയില്‍ മാത്രം നവംബര്‍ ഒന്നിന് ആരംഭം പ്രദര്‍ശിപ്പിക്കില്ല. കന്നഡ രാജോത്സവത്തിന്‍റെ ഭാഗമായി നവംബര്‍ ഒന്നിന് അന്യഭാഷാചിത്രങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിക്കാറില്ല.

അജിത്, നയന്‍‌താര, ആര്യ, തപസി എന്നിവരാണ് ആരംഭത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിഷോര്‍, മഹേഷ് മഞ്ജരേക്കര്‍, സുമന്‍ രംഗനാഥന്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളിലുണ്ട്.

ഓം‌പ്രകാശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ആരംഭത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്.