‘ട്വന്‍റി ട്വന്‍റി’ ഇനിയും വൈകും

Webdunia
WDPRO
മലയാളത്തിലെ സിനിമാ താരങ്ങളുടെ ചിത്രമായ ‘ട്വന്‍റി ട്വന്‍റി’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇനിയും നിരാശപ്പെടേണ്ടി വരും. ഒട്ടേറെ പ്രിന്‍റുകളുമായി കേരളത്തിലെ തീയറ്ററുകള്‍ തേടിയെത്തുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടിംഗ് തീരാന്‍ വൈകുന്നതാണ് കാരണം. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്തേക്കാനാണ് സാധ്യത.

ക്ലൈമാക്‍സ് ഉള്‍പ്പടെ ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഇനിയും ചിത്രീകരിച്ചിട്ടില്ലാത്തതിനാല്‍ 26 ദിവസങ്ങള്‍ കൂടി ചിത്രത്തിനു വേണ്ടി വരും. മലയാളത്തിലെ മള്‍ട്ടി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രസിദ്ധിയില്‍ ജോഷി സംവിധാനം ചെയ്ത് അമ്മ നിര്‍മ്മിക്കുന്ന ചിത്രം ഇതിനകം വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുക ആണ്.

അതിനു പുറമേ നയന്‍ താര ഐറ്റം ഡാന്‍സിനു മാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുന്ന ചിത്രം മലയാള ചലച്ചിത്രവേദിയെ ഏറെക്കുറെ മറന്നു പോയിരിക്കുന്ന പ്രിയദര്‍ശനെ തിരിച്ചു കൊണ്ടുവരുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്‍റെ ഒരു ഗാനരംഗം സംവിധാനം ചെയ്യുന്നത് പ്രിയനാണ്.

ഇഷ്ടത്തിന്‍റെ റീമേക്കായ ‘മേരെ ബാപ് പെഹ്‌ലേ ആപ്പ്’ ന്‍റെ തിരക്ക് പിടിച്ച ഷെഡ്യൂളിനിടയില്‍ 26 ദിവസ ഷൂട്ടിംഗിനായി പ്രിയന്‍ എത്തിയിരിക്കുക ആണ്. ചിത്രത്തില്‍ പ്രധാന താരങ്ങള്‍ അല്ലാത്തവരെ എല്ലാം ഉള്‍ക്കൊള്ളിക്കേണ്ട പാട്ട് സീന് ഒട്ടേറെ പ്രത്യേകതകളുണ്ട്. മലയാള താരങ്ങള്‍ക്കൊപ്പം മറുനാട്ടിലെയും സൂപ്പര്‍ താരങ്ങള്‍ പങ്കാളികളായേക്കാം.

അമിതാഭ് ബച്ചന്‍, തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍, വിക്രം, വിജയ് എന്നിവരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്. 17 പിന്നണി ഗായകര്‍ ശബ്ദം നല്‍കിയ പാട്ട് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്. ചിത്രം ഓഗസ്റ്റില്‍ പുറത്ത് വരുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.