രജനീകാന്തിന്‍റെ അനിമേഷന്‍ ചിത്രം ‘കൊച്ചടിയാന്‍’ ഉപേക്ഷിച്ചെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയത്. ഏറെക്കാലമായി അണിയറയില്‍ തയ്യാറായി വരുന്ന ചിത്രം വേണ്ടത്ര ഗുണമില്ലാത്ത പ്രൊഡക്ടായി മാറുന്നു എന്ന് മനസിലാക്കി ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് ചിത്രത്തിന്‍റെ ഒരു നിര്‍മ്മാതാവ് മുരളി മനോഹര്‍ വ്യക്തമാക്കി.
ചിത്രം വൈകുന്നത് അതൊരു അനിമേഷന്‍ സിനിമയായതുകൊണ്ടാണെന്ന് മുരളി മനോഹര്‍ പറഞ്ഞു. ടിന്‍ ടിന്‍, അവതാര്‍ തുടങ്ങിയ സിനിമകളിലെ അനിമേഷനോടും സ്പെഷ്യല്‍ ഇഫക്ട്സിനോടും കിടപിടിക്കുന്ന ജോലിയാണ് കൊച്ചടിയാനുവേണ്ടിയും നടന്നുവരുന്നത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങും. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊച്ചടിയാന്‍റെ ഓഡിയോ റിലീസ് നടക്കുമെന്നും മുരളി മനോഹര്‍ വ്യക്തമാക്കി.
അതേസമയം, ഒരിക്കലും സിനിമ കാണാത്തവര്‍ പോലും രണ്ടുതവണ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായിരിക്കും കൊച്ചടിയാന്‍ എന്ന് സംവിധായകന്‍ കെ എസ് രവികുമാര്‍ പറഞ്ഞു. കൊച്ചടിയാന്‍ സംവിധാനം ചെയ്യാന്‍ സൌന്ദര്യ രജനികാന്തിനെ സഹായിക്കുന്നത് രവികുമാറാണ്.