‘ഈച്ച’ മൂളിപ്പറക്കുകയാണ്. തെന്നിന്ത്യന്‍ ബോക്സോഫീസിന്‍റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിയുന്നു. തെലുങ്കില്‍ ‘ഈഗ’, തമിഴില്‍ ‘നാന്‍ ഈ’, മലയാളത്തില്‍ ‘ഈച്ച’ എന്നീ സിനിമകള്‍ എല്ലാ ഷോകളും ഹൌസ്ഫുളായി അത്ഭുതവിജയം നേടുന്നു.
‘ഈച്ചയുടെ ആക്രമണം’ ഭയന്ന് തെലുങ്കിലും തമിഴിലുമൊക്കെ ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കുന്നു. എന്തായാലും ഈച്ച ഹിന്ദിയിലും മൊഴിമാറ്റിയെത്തുകയാണ്. ഒരു വാര്‍ത്ത പുതിയതായി ലഭിച്ചിട്ടുള്ളത്, ഈച്ചയുടെ ഹിന്ദിയില്‍ അഭിഷേക് ബച്ചനും അഭിനയിക്കും എന്നതാണ്. തെലുങ്ക് താരം നാനി അഭിനയിച്ച കഥാപാത്രമായാണ് അഭിഷേക് എത്തുക. സിനിമയില്‍ 15 മിനിറ്റ് മാത്രമാണ് നാനിയുടെ കഥാപാത്രം വരുന്നത്. ഈ രംഗങ്ങള്‍ അഭിഷേകിനെ വച്ച് റീഷൂട്ട് ചെയ്യും. ചിത്രത്തിലെ വില്ലനായ സുദീപുമായി ഏതാനും കോമ്പിനേഷന്‍ രംഗങ്ങള്‍ നാനിക്കുണ്ട്. ഈ രംഗങ്ങളില്‍ സുദീപിനെയും അഭിഷേകിനെയും ഉള്‍പ്പെടുത്തി വീണ്ടും ഷൂട്ട് ചെയ്യും.
ഹിന്ദി ഈച്ച 3ഡിയിലാണ് ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലി ഒരുക്കിയ ഈഗ വളരെ രസകരമായ ഒരു പ്രണയകഥ ഒരു പ്രതികാര കഥയായി വഴിമാറുന്നതിന്‍റെ സസ്പെന്‍സ് നിറഞ്ഞ ആഖ്യാനമാണ് നല്‍കിയിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ആരാധക പിന്തുണ ഒരു ഈച്ചയ്ക്ക് ലഭിക്കുന്ന സവിശേഷകരമായ അവസ്ഥയ്ക്കാണ് തെന്നിന്ത്യന്‍ സിനിമാലോകം സാക്‍ഷ്യം വഹിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഈച്ച പ്രിയങ്കരനായി മാറുന്നു.
സുദീപ് അവതരിപ്പിക്കുന്ന വില്ലന്‍, നായകനായ നാനിയെ വകവരുത്തുന്നതാണ് ‘ഈച്ച’യുടെ കഥയില്‍ വഴിത്തിരിവാകുന്നത്. നാനി ഒരു ഈച്ചയായി പുനര്‍ജനിക്കുകയും തന്നെ ഇല്ലാതാക്കിയ വില്ലനെതിരെ പ്രതികാരത്തിനായി എത്തുകയും ചെയ്യുന്നതോടെ കഥ ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലേക്ക് ഗതിമാറുന്നു.
മഗധീരയിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച എസ് എസ് രാജമൌലി ‘ഈച്ച’യിലൂടെ മറ്റൊരു വമ്പന്‍ ഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. 35 കോടി രൂപയാണ് ഈച്ചയുടെ നിര്‍മ്മാണച്ചെലവ്.