ഹരിഹരന്‍ - മമ്മൂട്ടി ടീം വീണ്ടും, രചന രഞ്ജിത്; ഭീമനെ നേരിടാന്‍ പയ്യം‌വെള്ളി ചന്തു!

Webdunia
ചൊവ്വ, 16 മെയ് 2017 (14:24 IST)
ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പയ്യം‌വെള്ളി ചന്തു എന്ന് പേരിട്ടു. രഞ്ജിത് തിരക്കഥയെഴുതുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.
 
വടക്കന്‍‌പാട്ടിലെ വീരകഥാപാത്രമായ പയ്യം‌വെള്ളി ചന്തുവിന്‍റെ ജീവിതം സിനിമയാക്കാന്‍ ഹരിഹരന്‍ മുമ്പും ആലോചിച്ചതാണ്. അന്ന് എം‌ടിയായിരുന്നു അത് എഴുതാന്‍ ആലോചിച്ചത്. പിന്നീട് ആ പ്രൊജക്ട് പഴശ്ശിരാജയ്ക്ക് വഴിമാറി.
 
പലതവണ പയ്യം‌വെള്ളി ചന്തുവിനായി എം‌ടിയും ഹരിഹരനും മമ്മൂട്ടിയും ആലോചിച്ചെങ്കിലും അതൊരു പ്രൊജക്ടായി രൂപപ്പെട്ടില്ല. പിന്നീട് എം ടി രണ്ടാമൂഴത്തിന്‍റെ തിരക്കുകളിലേക്ക് നീങ്ങി.
 
ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പയ്യം‌വെള്ളി ചന്തുവിനെ കൊണ്ടുവരാന്‍ ഹരിഹരന്‍ ഒരുങ്ങിയിരിക്കുകയാണ്. തിരക്കഥയെഴുതാനായി രഞ്ജിത്തിനെ ഏല്‍പ്പിച്ചതായി ഹരിഹരന്‍ വെളിപ്പെടുത്തി. 
 
വടക്കന്‍‌വീരഗാഥയിലെ ചതിയനല്ലാത്ത ചന്തുവിന് ശേഷം ഇപ്പോള്‍ വീണ്ടും മമ്മൂട്ടി വടക്കന്‍‌പാട്ടിലെ ഒരു വീരേതിഹാസത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒപ്പം ഹരിഹരന് ആദ്യമായി രഞ്ജിത് തിരക്കഥയെഴുതുന്നു എന്ന വലിയ പ്രത്യേകതയും.
Next Article