സ്പിരിറ്റ്: മോഹന്‍ലാലിന് വില്ലന്‍ പ്രകാശ്‌രാജ്

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (13:49 IST)
PRO
പ്രകാശ്‌രാജ് മലയാളത്തില്‍ വീണ്ടും എത്തുന്നു. ഇലക്ട്രയ്ക്ക് ശേഷം മലയാളത്തില്‍ പ്രത്യക്ഷപ്പെടാതിരുന്ന പ്രകാശ്‌രാജ് ബോളിവുഡിലെയും തമിഴ് - തെലുങ്ക് - കന്നഡ പ്രൊജക്ടുകളുടെയും തിരക്കിനിടയിലാണ് മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്. അതും മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലേക്ക്.

സ്പിരിറ്റില്‍ മോഹന്‍ലാലിന്‍റെ വില്ലനായാണ് പ്രകാശ്‌രാജ് വേഷമിടുന്നതെന്നാണ് സൂചന. ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണിത്. കഴിഞ്ഞ വാരം കൊച്ചിയിലെത്തിയ പ്രകാശ്‌രാജ് രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി.

മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്‍റെയും ഏറ്റവും മികച്ച സംവിധായകന്‍റെയും ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പ്രകാശ്‌രാജ്. ട്വിറ്ററിലെ കുറിപ്പിലൂടെ പ്രകാശ് തന്‍റെ ആവേശം പങ്കുവയ്ക്കുകയും ചെയ്യുന്നു.

കനിഹയാണ് സ്പിരിറ്റിലെ നായിക. രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് പത്തിന് ചിത്രീകരണം ആരംഭിക്കും.