സ്ട്രീറ്റ്‌ ലൈറ്റ്സില്‍ മമ്മൂട്ടി നായകനല്ല !

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (16:44 IST)
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സില്‍ മമ്മൂട്ടി നായകനാകുന്നു എന്നായിരുന്നു ഇതുവരെ ഏവരും കരുതിയിരുന്നത്. സിനിമയുടെ ചിത്രീകരണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആ സിനിമയില്‍ മമ്മൂട്ടി നായകനല്ല എന്നാണ്.
 
ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. ഒരു ക്രൈം അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഒരു മുഴുവന്‍ സമയ ക്യാരക്ടറല്ല. ക്ലൈമാക്സിനോട് അടുത്തായിരിക്കും മമ്മൂട്ടിയുടെ രംഗപ്രവേശം എന്നും സൂചനയുണ്ട്.
 
മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കഥ അത്രയേറെ ആകര്‍ഷിച്ചതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായതത്രേ. ലോ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ വന്‍ വിജയമാകുമെന്നാണ് സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്.
 
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.
 
കൊച്ചിയിലും ചെന്നൈയിലും പൊള്ളാച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഹരീഷ് കണാരന് ഈ സിനിമയില്‍ ഗംഭീര കഥാപാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. ലിജോ മോള്‍ ആണ് നായിക.
Next Article