സുരേഷ്‌ഗോപി - എസ് എന്‍ സ്വാമി വീണ്ടും

Webdunia
ബുധന്‍, 29 ഏപ്രില്‍ 2009 (13:52 IST)
PROPRO
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വീണ്ടും സുരേഷ്ഗോപി നായകനാകുന്നു. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് എസ് എന്‍ സ്വാമിയും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു മര്‍ഡര്‍ മിസ്റ്ററിയാണിത്.

മേയ് അവസാനം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ പേരിട്ടിട്ടില്ല. തിരുവനന്തപുരത്തും കേരള - കര്‍ണാടക അതിര്‍ത്തിയിലുമായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിക്കാനാണ് പരിപാടി. നായികയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ദേവയാനി, നന്ദിനി, നദിയാ മൊയ്തു എന്നിവരെ പരിഗണിക്കുന്നുണ്ട്. പഴയകാല നായിക സുമലതയെയും നായികയായി പരിഗണിക്കുന്നു.

എല്‍ ഒ സി സിനിമാ കമ്പനിയുടെ ബാനറില്‍ അരുണ്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ് പി ഹോട്ടലില്‍ നടന്നു. ജന്‍‌മം, നരിമാന്‍, അഗ്നി നക്ഷത്രം, ധ്രുവം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിക്കു വേണ്ടി എസ് എന്‍ സ്വാമി രചിക്കുന്ന തിരക്കഥയാണിത്.

സജി പരവൂര്‍ എന്ന പ്രശസ്തനായ അസോസിയേറ്റ് ഡയറക്ടറാണ് എന്‍ ആര്‍ സഞ്ജീവ് എന്ന പേരില്‍ സംവിധായകനാകുന്നത്. സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ, കഥ പറയുമ്പോള്‍, ലങ്ക തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു സജി പരവൂര്‍.