സിൽവസ്റ്റർ സ്റ്റാലന്റെ മകന്റെ ആത്‌മാവിന് ഇന്ത്യയിൽ ശാന്തി !

ചൊവ്വ, 17 നവം‌ബര്‍ 2015 (20:37 IST)
ഹോളിവുഡ് ഇതിഹാസതാരം സിൽവസ്റ്റർ സ്റ്റാലന്റെ മകന്റെ ആത്‌മാവിന് ഇന്ത്യയിൽ ശാന്തി! സ്റ്റാലന്റെ മകന്റെ അന്ത്യകർമ്മങ്ങൾ ഇന്ത്യയിൽ നിർവഹിച്ചതായി റിപ്പോർട്ട്. മകൻ മരിച്ചെങ്കിലും ആ ആത്‌മാവ് തന്നോടൊപ്പമുണ്ടെന്ന തോന്നൽ സ്റ്റാലനെ അലട്ടിയിരുന്നു. ഒടുവിൽ ഇന്ത്യക്കാരനായ ഒരു ജ്യോതിഷി, ഈ ആത്മാവിന് ബലികർമ്മങ്ങൾ ചെയ്യണമെന്ന്  സ്റ്റാലനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സ്റ്റാലന്റെ ബന്ധുക്കൾ ഹരിദ്വാറിലെത്തി ബലിയർപ്പണം നടത്തി.
 
മൂന്ന് വർഷം മുമ്പ് മരിച്ച മകൻ സെജിന്റെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായാണ് സ്റ്റാലൻ ബന്ധുക്കളെ ഇന്ത്യയിലേക്ക് അയച്ചത്. താൻ തന്നെ നേരിട്ടുപോയി കർമ്മം ചെയ്യണമെന്നായിരുന്നു സ്റ്റാലന്റെ ആഗ്രഹമെങ്കിലും അത് അനാവശ്യ മീഡിയാ കവറേജിന് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ബന്ധുക്കളെ ഇതിനായി നിയോഗിച്ചത്.
 
അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം 2012ൽ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിലാണ് സ്റ്റാലന്റെ മകൻ സെജിന്റെ ശരീരം ലഭിക്കുന്നത്. സ്റ്റാലന് മകനുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മകന്റെ മരണത്തോടെ സ്റ്റാലൻ മാനസികമായി തകർന്നു. മകന്റെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്ന തോന്നൽ സ്റ്റാലനെ അസ്വസ്ഥനാക്കി.
 
ഇതോടെയാണ് ഒരു ഇന്ത്യൻ ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവാചാരമനുസരിച്ച് മകന് ബലിതർപ്പണം നടത്താൻ സിൽവസ്റ്റർ സ്റ്റാലൻ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക