സിബിമലയില്‍ ചിത്രത്തില്‍ മമ്മൂട്ടി

Webdunia
PROPRO
സിബിമലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. കെ ഗിരീഷ്കുമാര്‍ തിരക്കഥയെഴുതുന്ന ഈ സിനിമ കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് മോഹന്‍‌ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും സിബിമലയിലിന് പദ്ധതിയുണ്ട്. ലോഹിതദാസായിരിക്കും ഇതിന്‍റെ രചന.

മുന്‍‌പ് സിബിമലയില്‍ സംവിധാനം ചെയ്ത അമൃതം, ആലീസ് ഇന്‍ വണ്ടര്‍‌ലാന്‍ഡ് എന്നീ സിനിമകളുടെ തിരക്കഥ രചിച്ചത് ഗിരീഷ്കുമാറായിരുന്നു. ആ സിനിമകളൊക്കെ പരാജയപ്പെട്ടു. എന്നാല്‍, വെറുതെ ഒരു ഭാര്യയിലൂടെ താരമൂല്യമുള്ള തിരക്കഥാകൃത്തായി ഗിരീഷ്‌കുമാര്‍ മാറി. ഗിരീഷ് പറഞ്ഞ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി സിബിച്ചിത്രത്തിന് വാക്കുനല്‍കുകയായിരുന്നു എന്നാണ് അറിയുന്നത്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിനും ഇപ്പോള്‍ ഗിരീഷ് തിരക്കഥ രചിക്കുന്നുണ്ട്.

ഫ്ലാഷ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് സിബി മലയില്‍ പുതിയ ചിത്രത്തിലേക്ക് വരുന്നത്. അടുത്തിടെ തുടര്‍ച്ചെയായുണ്ടായ പരാജയങ്ങള്‍ സിനിമാരംഗത്തുനിന്ന് മാറി നില്‍ക്കാന്‍ സിബിയെ പ്രേരിപ്പിക്കുകയായിരുന്നു. പുതിയ മമ്മൂട്ടിച്ചിത്രം തന്‍റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് സിബി പ്രതീക്ഷിക്കുന്നത്.

രാരീരം, തനിയാവര്‍ത്തനം, വിചാരണ, ഓഗസ്റ്റ് ഒന്ന്, മുദ്ര, പരമ്പര, സാഗരം സാക്ഷി എന്നിവയാണ് സിബിമലയില്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.