സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ !

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (20:14 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ വിഷുവിന് പ്രദര്‍ശനത്തിനെത്തും. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.
 
ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് സിനിമയില്‍ നായകനാകുന്നത്. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ‘ദൃശ്യം’ വന്‍ ഹിറ്റായി ഓടുമ്പോള്‍ ആ തരംഗത്തില്‍ പെട്ട് തകരാതെ പിടിച്ചുനിന്ന ഒരേയൊരു സിനിമ ഇന്ത്യന്‍ പ്രണയകഥയായിരുന്നു. 
 
സത്യന്‍ അന്തിക്കാടിന്‍റെ കഴിഞ്ഞ ചിത്രം ‘എന്നും എപ്പോഴും’ മോഹന്‍ലാലിന്‍റെയും മഞ്ജു വാര്യരുടെയും മാന്ത്രികസാന്നിധ്യമുണ്ടായിട്ടും വലിയ വിജയം നേടാന്‍ കഴിയാതെ പോയ ചിത്രമാണ്. അതുകൊണ്ടുതന്നെ ഒരു സൂപ്പര്‍ഹിറ്റാണ് ഫഹദുമായി കൈകോര്‍ക്കുമ്പോള്‍ സത്യന്‍ അന്തിക്കാട് ലക്‍ഷ്യം വയ്ക്കുന്നത്. 
 
ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് വീണ്ടും തിരക്കഥയെഴുതുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രസതന്ത്രം, ഭാഗ്യദേവത, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, കഥ തുടരുന്നു, സ്നേഹവീട് എന്നിവയാണ് സത്യന്‍ തിരക്കഥയെഴുതിയ സിനിമകള്‍.