സതീശന്‍ മന്ത്രിയാവാത്തതില്‍ വിഷമം: സലീം‌കുമാര്‍

Webdunia
ചൊവ്വ, 31 മെയ് 2011 (11:25 IST)
PRO
PRO
കോണ്‍‌ഗ്രസിന്റെ തീപ്പൊരി നേതാവ് വിഡി സതീശന് മന്ത്രിപദവി ലഭിക്കാത്തതില്‍ വി‌എസ് അച്യുതാനന്ദന്റെ അടുത്ത ആരാധകനായ പ്രശസ്ത നടന്‍ സലീം‌കുമാറിന് വിഷമം. പറവൂര്‍ മേഖല ജേര്‍ണലിസ്റ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ തിങ്കളാഴ്ച സംസാരിക്കുമ്പോഴാണ് സതീശന്‍ മന്ത്രിയാവാത്തതില്‍ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് സലീം‌കുമാര്‍ വെളിപ്പെടുത്തിയത്. സതീശനും ഒരു പറവൂര്‍ക്കാരനാണ് എന്നതിനാലാണ് തന്റെ ദുഃഖമെന്നും സലീംകുമാര്‍ വെളിപ്പെടുത്തി.

“അധികം താമസമില്ലാതെ ഒരു സിനിമ നിര്‍മിക്കാന്‍ എനിക്ക് ഉദ്ദേശ്യമുണ്ട്. ഞാന്‍ നിര്‍മിക്കാന്‍ പോകുന്ന സിനിമ സം‌വിധാനം ചെയ്യുക ഒരു പുതുമുഖം ആയിരിക്കും തികച്ചും കൊമേഴ്സ്യല്‍ ആയ സിനിമയാണ്‌ നിര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നത്. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചതില്‍ പിന്നെ, മറ്റ്‌ ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ മികച്ച സംവിധായകര്‍ എന്നെ വിളിക്കുന്നുണ്ട്. എങ്കിലും തല്‍‌ക്കാലം മലയാളത്തില്‍ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് ഭാഷകളില്‍ അഭിനയിക്കുന്ന കാര്യം പിന്നെ തീരുമാനിക്കാം.”

“ചില സംവിധായകര്‍ മാത്രം സംവിധാനം ചെയ്താലേ താരങ്ങള്‍ക്ക് അവാര്‍ഡ്‌ ലഭിക്കൂ എന്നൊരു അബദ്ധധാരണ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. ഇത്തവണത്തെ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഈ ധാരണയെ തകിടം മറിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ദേശീയ അവാര്‍ഡ്‌ നേടാന്‍ കഴിഞ്ഞത്‌ മലയാളികള്‍ ജൂറി അംഗങ്ങളായി ഇല്ലാത്തതിനാലാണ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങിനെ വിശ്വസിക്കാനാണ് എനിക്ക് താല്‍‌പര്യം.”

“മികച്ച നടനെയോ നടിയെയോ തെരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ മാത്രമേ മികച്ച നടനായോ നടിയായോ ഒരാളെ പരിഗണിക്കുകയുള്ളൂ. മികച്ച സിനിമകളില്‍ ഒരു സീനില്‍പോലും ഒരു നടനോ നടിയോ മികച്ച രീതിയില്‍ അഭിനയിച്ചാല്‍ ഈ നടനെയും നടിയെയും അവാര്‍ഡിനായി പരിഗണിക്കണമെന്നാണ്‌ തന്റെ അഭിപ്രായം. അഭിനയത്തിന്റെ ഒരുഭാഗമാണ്‌ ഹാസ്യം. ഹാസ്യത്തിനു പ്രത്യേക അവാര്‍ഡ്‌ നല്‍കുന്നുവെങ്കില്‍ നവരസങ്ങള്‍ക്കുമായി പ്രത്യേകം ഒമ്പത്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം.”

“സിനിമ എന്റെ ഉപജീവനമാണ്‌. സിനിമയുടെ എല്ലാരംഗത്തും കൈവയ്ക്കണമെന്നാണാഗ്രഹം. അതുകൊണ്ടാണ് നിര്‍മാണ രംഗത്തും ഒന്ന് കൈവയ്ക്കണമെന്ന് തോന്നുന്നത്. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഈ പ്രശതിക്ക് കാരണം പ്രധാനമായും രണ്ട് പേരാണ്. ഒന്ന് എന്റെ അമ്മ കൌസല്യ. പിന്നെയൊരാള്‍ എന്റെ ഭാര്യ സുനിത. ഇവര്‍ രണ്ടുപേരും പിന്തുണ നല്‍‌കിയിരുന്നില്ല എങ്കില്‍ എനിക്ക് ഈ വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല” - സലിംകുമാര്‍ പറഞ്ഞു.

സലിം‌കുമാര്‍ പങ്കെടുത്ത് മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ പറവൂര്‍ മേഖല ജേര്‍ണലിസ്റ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പി പി ദേവന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം കെ സുബ്രഹ്മണ്യന്‍, എം ബി പ്രസാദ്‌ എന്നിവരും സംസാരിച്ചു.