സഖറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് !

Webdunia
ശനി, 18 ഓഗസ്റ്റ് 2012 (16:42 IST)
PRO
സഖറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് ! വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രഞ്ജിത് പ്രഖ്യാപിച്ച ടൈറ്റിലാണിത്. മിഴിരണ്ടിലും എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് പ്ലാന്‍ ചെയ്ത പ്രൊജക്ക്ട്. മോഹന്‍ലാലാണ് ആ ചിത്രത്തില്‍ നായകനാകാനിരുന്നത്. എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല.

ഇപ്പോള്‍ സഖറിയാ പോത്തന്‍ വരികയാണ്. പക്ഷേ മോഹന്‍ലാല്‍ അല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്‍റെ ആത്മസുഹൃത്തായ അനൂപ് മേനോന്‍. സഖറിയാ പോത്തന്‍ എന്ന കഥാപാത്രമായി അനൂപ് നിറഞ്ഞാടുന്ന ചിത്രത്തിന് പേര് ‘ഷെര്‍ലക് ഹോംസ്’.

ക്രൈം ത്രില്ലര്‍ സിനിമാ തിരക്കഥാകൃത്ത് സഖറിയാ പോത്തനായാണ് അനൂപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. നല്ലവന്‍, നമുക്ക് പാര്‍ക്കാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക് ഹോംസ്. ഒരു സിനിമാ തിരക്കഥയിലൂടെ ഒരു കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണ് എന്ന് തീരുമാനിച്ചിട്ടില്ല. ജയ്‌രാജ് ഫിലിംസാണ് ഷെര്‍ലക് ഹോംസ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.