ലാലിന് പിറകേ സംവിധായകന്‍ സിദ്ദിഖും അഭിനയരംഗത്തേക്ക്. ഫാസില്‍ സംവിധാനം ചെയ്യുന്ന ‘മോസ് ആന്‍റ് ക്യാറ്റ്’ എന്ന ചിത്രത്തിലാണ് സിദ്ദിഖ് അതിഥി വേഷത്തില്‍ എത്തുന്നത്. അതിഥിവേഷമാണെങ്കിലും സിദ്ദിഖിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഈ ചിത്രത്തില്‍ മനോജ് കെ ജയനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ദിലീപ് നായകനാകുന്ന മോസ് ആന്‍റ് ക്യാറ്റില്‍ പുതുമുഖം അശ്വതിയാണ് നായിക.
ഫാസിലിന്‍റെ ശിഷ്യനായ സിദ്ദിഖ് ഫാസില്‍ ചിത്രത്തിലൂടെത്തന്നെ അഭിനയരംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുമ്പ് ഫാസിലിന്‍റെ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിരുന്നു.
സംവിധാനരംഗത്ത് സിദ്ദിഖിന്‍റെ കൂട്ടാളിയായിരുന്ന ലാല്‍ ഇപ്പോള്‍ മലയാളത്തിലെയും തമിഴിലെയും ഏറെ തിരക്കുള്ള നടനാണ്. ജയരാജിന്‍റെ ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ലാല്‍ അഭിനയരംഗത്തെത്തിയത്. സംവിധായകനായ രഞ്ജിത്തിനെയും ജയരാജ് ‘ഗുല്‍മോഹര്‍’ എന്ന ചിത്രത്തില്‍ നായകനായി അവതരിപ്പിച്ചിരുന്നു.
സംവിധായകര്‍ അഭിനയരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. എന്നാല്‍ തമിഴിലെ മിക്ക സംവിധായകരും ഇപ്പോള്‍ അഭിനയരംഗത്തും സജീവമാണ്.