ശ്രുതിഹാസന്‍ മലയാളത്തിലേക്ക്?

Webdunia
ചൊവ്വ, 21 ജനുവരി 2014 (16:07 IST)
PRO
കമല്‍ഹാസന്‍റെ മകള്‍ എന്ന വലിയ ഇമേജ് ശ്രുതിഹാസന്‍ എന്ന നായികയ്ക്ക് തുടക്കത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ ഇമേജ് നില്‍നില്‍ക്കെ തന്നെ സ്വന്തമായ വിലാസമുണ്ടാക്കി ശ്രുതി. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകളുടെ ഭാഗമായി. നല്ല പാട്ടുകള്‍ പാടി, സംഗീതം ചെയ്തു.

കമലഹാസന് മലയാളം ഏറെ പ്രിയപ്പെട്ട നാടാണ്. മകള്‍ക്കും അങ്ങനെയാകുമോ? നാല്‍പ്പതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കമല്‍. ഒരു ചിത്രത്തിലെങ്കിലും മകള്‍ അഭിനയിക്കുമോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അതെ, ശ്രുതിഹാസനെ ഒരു മലയാള സിനിമയുടെ ഭാഗമാക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിക്കുന്നതായി വിവരം.

ശ്രുതി മലയാളത്തില്‍ ആരുടെ നായികയായാണ് വരുന്നത്? മമ്മൂട്ടിയോ മോഹന്‍ലാലോ ആണോ നായകന്‍? അടുത്ത പേജ് നോക്കുക.

അടുത്ത പേജില്‍ - പ്രണയത്തിന്‍റെയും സഹനത്തിന്‍റെയും സാവിത്രി!

PRO
ഫഹദ് ഫാസിലിന്‍റെ നായികയായി ശ്രുതിഹാസനെ മലയാളത്തില്‍ അവതരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. നവാഗതനായ നോവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദിന്‍റെ നായികയായി ശ്രുതിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ടി അരുണ്‍കുമാര്‍ രചന നിര്‍വഹിക്കുന്ന ഈ സിനിമയ്ക്ക് രാജീവ് രവിയാണ് ഛായാഗ്രഹണം. രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ഒരു പ്രൊജക്ടിലേക്കുള്ള ക്ഷണം ശ്രുതിഹാസന്‍ സ്വീകരിക്കുമെന്നുതന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഹരിനാരായണന്‍ എന്ന നായകകഥാപാത്രത്തിന്‍റെ ഭാര്യ സാവിത്രിയായാണ് ശ്രുതിയെ പരിഗണിക്കുന്നത്. ഹരിനാരായണനും സാവിത്രിയും തമ്മിലുള്ള ആശയസംഘര്‍ഷത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഹരിനാരായണന്‍ എന്ന കഥാപാത്രത്തെ അതേ നിലയില്‍ ചലഞ്ച് ചെയ്യാന്‍ പോകുന്ന കഥാപാത്രം തന്നെയാണ് സാവിത്രിയും. ഫഹദും ശ്രുതിയും ഈ ചിത്രത്തില്‍ ഒന്നിച്ചാല്‍ അത് രണ്ട് അതുല്യ പ്രതിഭകളുടെ അഭിനയമത്സരത്തിനുള്ള വേദികൂടിയാകും.

സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലറാണ് ഈ ചിത്രം. ഇന്‍ഡോ-നേപ്പാള്‍ ബോര്‍ഡറും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ കുറച്ചുരംഗങ്ങള്‍ ലാസ്‌വെഗാസില്‍ ചിത്രീകരിക്കുമെന്നും അറിയുന്നു. ഒരു പ്രമുഖ സാഹിത്യകാരന്‍റെ ചെറുകഥയെ ആധാരമാക്കിയാണ് ഈ ത്രില്ലര്‍ ഒരുക്കുന്നത്.

സംവിധായകനായ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് പശ്ചാത്തലസംഗീതമൊരുക്കുക. ശബ്ദസംവിധാനത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ള ചിത്രത്തിന് ലൈവ് സൗണ്ടാവും ഉപയോഗിക്കുക. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശബ്ദസംവിധാനം നിര്‍വഹിച്ച ജയദേവന്‍ ആണ് ഈ സിനിമയ്ക്കും ശബ്ദസംവിധാനം നിര്‍വഹിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്